തിരു: കഴിഞ്ഞ ദിവസം ഇഹലോകത്തോട് വിട പറഞ്ഞ പ്രശസ്ത സിനിമ - ഡോക്യുമെന്ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ. പി ശശി രാജ്യത്ത് ഭരണകൂട ഭീകരതയ്ക്കും വേട്ടയ്ക്കുമെതിരെയുള്ള സമര ഇടങ്ങളിലെ സൂഫിവര്യനായിരുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. പനവിള വെൽഫെയർ സ്‌ക്വയർ ഹാളിൽ നടന്ന 'കെപി ശശി: സമര ജീവിതത്തിന് ഓർമപ്പൂക്കൾ' അനുസ്മരണ സംഗമത്തിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പൈതൃകമായ സാഹോദര്യത്തെ നിലനിർത്തുന്നതിന് സമ്പൂർണ ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു കെ. പി ശശി.

രാഷ്ട്രീയ കൃത്യതയും സാമൂഹിക നീതിക്കുവേണ്ടിയുള്ള നിരന്തര പോരാട്ടവും സിനിമ ലോകത്തും രാഷ്ട്രീയ രംഗത്തും അദ്ദേഹത്തിന് വേറിട്ട വ്യക്തിത്വമാണ് സമ്മാനിച്ചത്. ഇസ്ലാമോഫോബിയക്കും വംശീയ ഉന്മൂലനത്തിനും ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ നിരന്തരം കലഹിക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പരമാവധി യോജിക്കാൻ കഴിയുന്ന സമരങ്ങളിൽ ഭരണകൂട ഭീകരക്കെതിരെ നവസാമൂഹിക പ്രസ്ഥാനങ്ങൾ ഒരുമിച്ച് നിന്ന് പോരാടണമെന്നാണ് കെ. പി ശശിയുടെ സമരജീവിതം ഓർമ്മിപ്പിക്കുന്നത് റസാഖ് പാലേരി പറഞ്ഞു.

കെ. പി ശശി ഉയർത്തിയ സാമൂഹിക നീതിക്ക് വേണ്ടിയുള്ള രാഷ്ട്രീയത്തെ അദ്ദേഹത്തിന്റെ വേർപാടിന് ശേഷവും നിരന്തരം സമൂഹത്തിൽ ഉന്നയിക്കുക എന്നുള്ളതാണ് നമ്മുടെ ഉത്തരവാദിത്തമെന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച പ്രശസ്ത സാമൂഹിക പ്രവർത്തകൻ പി. ബാബുരാജ് പറഞ്ഞു. വിവിധ ജനവിഭാഗങ്ങളോട് കെ. പി ശശി പുലർത്തിയിരുന്ന നൈരന്തര്യമുള്ള ബന്ധങ്ങളും അതിജീവനത്തിനു വേണ്ടിയുള്ള ആത്മവിശ്വാസം പകർന്നു നൽകലും അദ്ദേഹത്തിന്റെ ജീവിത മാതൃകയാണ്. സ്ത്രീ ശാക്തീകരണത്തിലും നവസാമൂഹിക പ്രസ്ഥാനങ്ങളെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. കൂടംകുളം, പ്ലാച്ചിമട, കെ റെയിൽ തുടങ്ങി ഭരണകൂടത്തിന്റെ ജനവിരുദ്ധമായ നിലപാടുകളെ എതിർത്തു തോൽപ്പിക്കുന്നതിൽ നിരാശയില്ലാതെ പോരാടിയ വ്യക്തിയാണ് അദ്ദേഹമെന്ന് പി. ബാബുരാജ് പറഞ്ഞു.

വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ആമുഖം നടത്തിയ പരിപാടിയിൽ മാഗ്ലിൻ ഫിലോമിന, ആർ. അജയൻ, എസ്. അനിത, എം. ഷാജർഖാൻ, ഇ. പി അനിൽ, സി. എം ശരീഫ്, അഡ്വ. ഷാനവാസ്, എ. എം നദ്വി, നജ്ദ റൈഹാൻ, കെ.എ ഷഫീഖ്, ബിജുലാൽ കല്ലറ എന്നിവർ സംസാരിച്ചു. മെഹ്ബൂബ് പൂവാർ കെ. പി ശശിയെ അനുസ്മരിച്ച് കവിതാലാപനം നടത്തി. അനുസ്മരണ യോഗത്തിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് കല്ലറ നന്ദി പറഞ്ഞു.