കൊച്ചി: ഇന്ത്യയിൽ കുട്ടികൾക്കുള്ള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ഭാവനാസമ്പന്നമാണെന്ന് ഫ്രഞ്ച് എഴുത്തുകാരിയും ഗ്രാഫിക് ഡിസൈനറും ഇല്ലസ്‌ട്രേറ്ററുമായ ഇമ്മാനുവേൽ ഉസ്സേ. ഫോർട്ടുകൊച്ചി കബ്രാൾ യാർഡിലെ ബിനാലെ ആർട്ട്‌റൂമിൽ 'മൈ ഇൻക്രെഡിബിൾ ജേർണി'എന്ന കുട്ടികൾക്കായുള്ള ഇല്ലസ്‌ട്രേഷൻ ശിൽപശാലയ്ക്ക് നേതൃത്വം നൽകാനെത്തിയതായിരുന്നു അവർ.

ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് കഥാപുസ്തകങ്ങളിലെ തന്റെ ഇല്ലസ്‌ട്രേഷനുകൾ പരിചയപ്പെടുത്തിയ ഉസ്സേ, കുട്ടികൾക്കൊപ്പം ചേർന്ന് കലാസൃഷ്ടികളൊരുക്കി. ഇവിടത്തെ കുട്ടികൾ അതിശയിപ്പിക്കുന്ന സർഗപ്രതിഭയുള്ളവരെന്നും പ്രകൃതിയെയും സഹജീവികളെയും കുറിച്ച് അവർക്കുള്ള അവബോധം ഏറെ ശ്രദ്ധേയമെന്നും ഉസ്സേ നിരീക്ഷിച്ചു.

ജൈവവൈവിധ്യം, വർണ്ണാഭമായ ചുറ്റുപാടുകൾ എന്നിവയിലൂന്നുന്നതാണ് ഉസ്സേയുടെ ചിത്രീകരണങ്ങൾ. ദി വൈൽഡ് ഫോറസ്റ്റ് എന്ന തന്റെ പുതിയ പുസ്തകത്തിലൂടെ അതിന്റെ പേര് പോലെ തന്നെ കാടിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണവർ. വിശദാംശങ്ങളിലെ സൂക്ഷ്മതയാണ് ഉസ്സേയുടെ ചിത്രീകരണങ്ങളുടെ പ്രധാന സവിശേഷത. കലാനുഭവങ്ങളുടെ വിനിമയത്തിന് ശിൽപശാലയിലൂടെ ഇന്ത്യയെയും ഇവിടത്തെ കലാ പ്രകാശനത്തെയും സംബന്ധിച്ച് കൂടുതൽ അറിവ് ലഭിച്ചതായും അവർ പറഞ്ഞു.