കൊച്ചി: വരാൻപോകുന്ന സംസ്ഥാന ബജറ്റിൽ കർഷകരുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കാനുള്ള അണിയറനീക്കത്തിൽ നിന്ന് ധനകാര്യവകുപ്പ് പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

സർക്കാരിന്റെ ധനകാര്യ ധൂർത്തിന്റെ ഇരകളായി അസംഘടിത കർഷകസമൂഹത്തെ ഇനിയും വിട്ടുകൊടുക്കാനാവില്ല. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വൻ ശമ്പളക്കുതിപ്പിനായി, തകർന്നടിഞ്ഞ കാർഷിക സമ്പദ്ഘടനയിൽ ജീവിതം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന കർഷകരെ ദ്രോഹിക്കുന്നത് എതിർക്കപ്പെടണം. 2011 ലെ ഭൂനികുതി 11 രൂപയെങ്കിൽ 2022ലത് 88 രൂപയായി പതിന്മടങ്ങ് വർദ്ധിച്ചു. അതേസമയം കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ച അതിരൂക്ഷവുമാണ്. ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഉയർത്താനുള്ള നീക്കവും ഭൂമിയുടെ ക്രയവിക്രയത്തെയും കർഷകരുടെ നിലനില്പിനെയും ബാധിക്കും.

ഇപ്പോൾതന്നെ സാമ്പത്തിക പ്രതിസന്ധിയിൽ കാർഷികമേഖലയിലെ ഭൂമിയുടെ ക്രയവിക്രയം നിലച്ചിരിക്കുകയാണ്. തകർന്നടിഞ്ഞ കാർഷിക സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിൽ സംസ്ഥാന സർക്കാർ ഇതിനോടകം പരാജയപ്പെട്ടു. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങൾപോലും വെറും പ്രസംഗങ്ങൾക്കപ്പുറം യാതൊരു നടപടികളുമില്ലാതെ അസ്തമിച്ചുകൊണ്ടിരിക്കുന്നു. കർഷകരുൾപ്പെടെ ജനങ്ങളുടെമേൽ അമിതഭാരമേൽപിച്ച് ജനജീവിതം പ്രതിസന്ധിയിലാക്കാതെ ഭരണരംഗത്തെ ധൂർത്തും ദുർചെലവുകളും അവസാനിപ്പിക്കുകയാണ് വരുംനാളുകളിൽ സർക്കാർ അടിയന്തരമായി ചെയ്യേണ്ടതെന്നും വി സി.സെബാസ്റ്റ്യൻ ഓർമ്മിപ്പിച്ചു.