- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാക്കളിൽ ശാസ്ത്രാവബോധമുണ്ടാകണമെന്ന് മന്ത്രി സജി ചെറിയാൻ; താണുപത്മനാഭന്റെ 'ശാസ്ത്രത്തിന്റെ ഉദയം' പുസ്തകം പ്രകാശനം ചെയ്തു.
തിരുവനന്തപുരം: താണുപത്മനാഭൻ, വസന്തി പത്മനാഭൻ എന്നിവർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ശാസ്ത്രത്തിന്റെ ഉദയം എന്ന പുസ്തകം ഫിഷറീസ്- സാംസ്‌കാരിക- യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം. സി. ദത്തൻ പുസ്തകം സ്വീകരിച്ചു. മലയാളം ജന്മം നൽകിയ വിശ്വപ്രതിഭകളിൽ ഏറ്റവും പ്രഥമസ്ഥാനത്ത് നിൽക്കുന്ന പ്രഗല്ഭനാണ് പ്രൊഫസർ താണു പത്മനാഭനെന്നു മന്ത്രി പറഞ്ഞു. പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും, ഗുരുത്വാകർഷണ പ്രതിഭാസം, ക്വാണ്ടം ഫിസിക്‌സ് എന്നീ മേഖലകളിലെ ഗവേഷണവഴികളിൽ മഹാരഥന്മാരായ ശാസ്ത്രജ്ഞർക്കൊപ്പം തന്റെ പേര് കൂടെ എഴുതിചേർത്താണ് പ്രൊഫസർ താണു പത്മനാഭൻ വിടവാങ്ങിയത്. ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ച് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഉന്നത ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്രപുരസ്‌കാരം 2021 ൽ നമ്മുടെ സർക്കാർ അദ്ദേഹത്തിന് സമർപ്പിക്കുകയുണ്ടായി. ഏതുകൊച്ചുകുട്ടിക്കും മനസിലാകുന്ന രീതിയിൽ എഴുതപ്പെട്ട ഈ ഗ്രന്ഥം നമ്മുടെ കുട്ടികൾക്കും ശാസ്ത്രകുതുകികൾക്കും പ്രയോജനപ്രദമായ ഒരു വൈജ്ഞാനിക പുസ്തകമായി സ്വീകരിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ആധുനിക വിജ്ഞാനം മലയാളഭാഷയിൽ കൊണ്ടുവരുന്നതിന് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് വഹിച്ച പങ്ക് നിസ്തുലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിച്ചു. കലാകൗമുദി എഡിറ്റർ വി. ഡി. സെൽവരാജ് പുസ്തകം പരിചയപ്പെടുത്തി. വിവർത്തകൻ പി. സുരേഷ് ബാബു, കേരള സർവകലാശാല ഡിപ്പാർട്ട്‌മെന്റ് യൂണിയൻ ചെയർമാൻ തൻസീൽ അഹമ്മദ്, ഗവേഷക യൂണിയൻ ചെയർമാൻ ജിബിൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. ഷിബു ശ്രീധർ സ്വാഗതവും സീനിയർ റിസർച്ച് ഓഫീസർ ഡോ.റ്റി. ഗംഗ നന്ദിയും പറഞ്ഞു. സ്പ്രിംഗർ പ്രസിദ്ധീകരിച്ച ദി ഡോൺ ഓഫ് സയൻസ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാളം പരിഭാഷയാണിത്. 540 രൂപ വിലയുള്ള ഈ പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിൽപ്പനശാലകളിൽ ലഭ്യമാണ്. കേരള സർവകലാശാല ഡിപ്പാർട്ട്‌മെന്റ് യൂണിയനും ഗവേഷക യൂണിയനും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന 'കുഗാല' എന്ന ക്യാമ്പസ് ഫെസ്റ്റിനോടനുബന്ധിച്ച് തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ കേരള സർവകലാശാല ടീച്ചേഴ്‌സ് അസോസിയേഷൻ ഹാളിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പുസ്തകമേളയിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇന്ന് (ജനുവരി 19ന്) സമാപിക്കുന്ന പുസ്തകമേളയിൽ പുസ്തകങ്ങൾക്ക് 20 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കിഴിവുണ്ട്.