- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൊഫ. അമർത്യസെന്നിന്റെ 'താർക്കികരായ ഇന്ത്യക്കാർ' സമകാലിക ഇന്ത്യയിൽ ഏറെ പ്രസക്തം- ഡോ.ആർ. ലക്ഷ്മി
തിരുവനന്തപുരം: സാമ്പത്തികശാസ്ത്ര നൊബേൽസമ്മാനജേതാവും വിഖ്യാത തത്വശാസ്ത്രജ്ഞനുമായ പ്രൊഫ. അമർത്യസെൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച 'താർക്കികരായ ഇന്ത്യക്കാർ' എന്ന പുസ്തകം സമകാലിക ഇന്ത്യയിൽ ഏറെ പ്രസക്തമാണെന്നും ഇന്ത്യയുടെ താർക്കിക പാരമ്പര്യം ബൃഹത്താണെന്നും കേരള സർവകലാശാല തത്വശാസ്ത്രം വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഡോ. ആർ. ലക്ഷ്മി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ 'കുഗാല' ക്യാമ്പസ് ഫെസ്റ്റിൽ തുറന്ന വേദിയിൽ സംഘടിപ്പിച്ച പുസ്തകചർച്ചയിലും സംവാദത്തിലും ഇന്ത്യയുടെ താർക്കിക പാരമ്പര്യം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. ആർ. ലക്ഷ്മി.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. പ്രിയ വർഗീസ് പുസ്തകാവതരണം നടത്തി. അസി. ഡയറക്ടർ ഡോ. ഷിബു ശ്രീധർ അധ്യക്ഷത വഹിച്ചു. വിവർത്തക ഡോ. ആശാലത, സ്‌നേഹ പടയൻ എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഓഫീസർ ഡോ. റ്റി. ഗംഗ സ്വാഗതവും റിസർച്ച് ഓഫീസർ കെ. ആർ. സരിതകുമാരി നന്ദിയും പറഞ്ഞു. കേരള സർവകലാശാല ഡിപ്പാർട്ട്‌മെന്റ്‌സ് യൂണിയനും ഗവേഷക യൂണിയനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയിലെ താർക്കികപാരമ്പര്യത്തിന്റെ ചരിത്രം, അതിന്റെ സമകാലിക പ്രസക്തി, സാംസ്‌കാരികചർച്ചകളിൽനിന്നുള്ള അതിന്റെ അവഗണന എന്നിവ ആഴത്തിൽ അപഗ്രഥനവിധേയമാക്കുകയാണ് പ്രൊഫ. അമർത്യസെൻ. ജനശബ്ദവും മതനിഷ്പക്ഷതയും, സംസ്‌കാരവും ആശയവിനിമയവും, രാഷ്ട്രീയവും പ്രതിഷേധവും, യുക്തിയും സ്വത്വവും തുടങ്ങിയ നാലു ഭാഗങ്ങളിലാണ് പ്രബന്ധങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയുടെ സുദീർഘമായ താർക്കികപാരമ്പര്യത്തെക്കുറിച്ച് എഴുതിയ പ്രബന്ധങ്ങൾ സമാഹരിച്ച് പെൻഗ്വിൻ ബുക്‌സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവർത്തനമാണിത്. ഡോ. ആശാലതയാണ് വിവർത്തനം ചെയ്തത്. 530 രൂപ വിലയുള്ള പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ ലഭിക്കും.