- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമഘട്ട പ്രദേശത്തെ ജനവാസം സുരക്ഷിതമാക്കും : മന്ത്രി റോഷി അഗസ്റ്റിൻ
പശ്ചിമഘട്ട പ്രദേശത്തെ ജനവാസം സുരക്ഷിതമാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പശ്ചിമഘട്ട നീർച്ചാലുകളുടെയെല്ലാം സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുന്നത് ഇതിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പശ്ചിമഘട്ട നീർച്ചാൽ മാപിങ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
പ്രളയവും വെള്ളപ്പൊക്കവുമൊക്കെ കാരണം ജനങ്ങൾ പശ്ചിമഘട്ടത്തെ ഭയപ്പാടോടെ നോക്കിക്കാണുന്ന സ്ഥിതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിന് മാറ്റം വരുത്തണം. പശ്ചിമഘട്ടത്തിലെ നീർച്ചാലുകളും തോടുകളുമെല്ലാം സുഗമമായി ഒഴുകണം. വെള്ളം താഴ്ന്നിറങ്ങി മലയിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാകാൻ പാടില്ല- മന്ത്രി പറഞ്ഞു.
ഈ ലക്ഷ്യം മുൻനിർത്തിയാണ് ഇനി ഞാനൊഴുകട്ടെ എന്ന ശ്രദ്ധേയമായ പരിപാടി ഹരിതകേരളം മിഷനും സർക്കാരും നടപ്പാക്കിയത്. രണ്ടുഘട്ടങ്ങളിലായി വളരെ ശ്രദ്ധേയമായ നിലയിൽ ഈ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. കഴിഞ്ഞവർഷങ്ങളിലെ പെരുമഴക്കാലത്ത് കേരളം വെള്ളത്തിൽ മുങ്ങാതിരുന്നത് ഇക്കാരണം കൊണ്ടു കൂടിയാണെന്ന് പഠനം തെളിയിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഈ വിജയമാതൃകയെ പിന്തുടർന്നാണ് ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടത്തിനും തുടക്കമിടുന്നത്. ഇതിന്റെ ഏറ്റവും പ്രധാന ഘടകമാണ് മാപിങ് പ്രവർത്തനങ്ങൾ. അതിന് ജലവകുപ്പിന്റെ സർവ്വവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. ചടങ്ങിൽ എം എം മണി എംഎൽഎ അധ്യക്ഷനായിരുന്നു.
ചടങ്ങിൽ മാപ്പത്തോണിന്റെ ഭാഗമായി പുറത്തിറക്കിയ ബ്രോഷറിന്റെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. വാഴൂർ സോമൻ എംഎൽഎ. ബ്രോഷർ ഏറ്റുവാങ്ങി. നവകേരളം കർമപദ്ധതി 2 സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ വിഷയമവതരിപ്പിച്ചു. ഹരിതകേരളം മിഷന്റെയും കേരള പുനർ നിർമ്മാണ പദ്ധതിയുടെയും നേതൃത്വത്തിൽ പശ്ചിമഘട്ട പ്രദേശങ്ങൾ ഉൾപ്പെടുന്ന 230 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നീർച്ചാൽ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നതെന്ന് ഡോ. ടി.എൻ. സീമ പറഞ്ഞു. പശ്ചിമഘട്ടത്തെ സുരക്ഷിതമാക്കുകയെന്ന മഹത്തായ ലക്ഷ്യം വിജയിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകണമെന്ന് ഡോ. ടി.എൻ.സീമ പറഞ്ഞു. വിസ്മയകരമായ പ്രകൃതി ദൃശ്യങ്ങളാണ് മനുഷ്യരാശിക്ക് പശ്ചിമഘട്ടം നൽകുന്നത്. അതിനെ എക്കാലത്തേയ്ക്കും നിലനിർത്തുന്നതിന് പശ്ചിമഘട്ടത്തെ സുരക്ഷിതമാക്കിയാൽ മാത്രമേ കഴിയൂവെന്നും ഡോ. ടി എൻ സീമ പറഞ്ഞു.