- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറിക് ഹോബ്സ് ബാമിന്റെ ' വിപ്ലവകാരികൾ' ജനുവരി 24ന് മന്ത്രി ആർ. ബിന്ദു പ്രകാശനം ചെയ്യും
തിരുവനന്തപുരം: എറിക് ഹോബ്‌സ്ബാം രചിച്ച് ആർ. പാർവതിദേവി വിവർത്തനം ചെയ്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വിപ്ലവകാരികൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ജനുവരി 24ന് (ചൊവ്വാഴ്ച) വൈകുന്നേരം 4. 30ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്യും. കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പ്രൊഫസറും ഡീനുമായ ഡോ. മീന ടി. പിള്ള പുസ്തകം സ്വീകരിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. ഷിബു ശ്രീധർ പുസ്തകം പരിചയപ്പെടുത്തും. ആർ പാർവതി ദേവി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. പ്രിയ വർഗീസ്, റിസർച്ച് ഓഫീസർ റാഫി പൂക്കോം എന്നിവർ സംസാരിക്കും.
രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്തുണ്ടായ പരിവർത്തനം വിശകലനം ചെയ്യുന്ന 5 ഭാഗങ്ങളായുള്ള 27 ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. കമ്മ്യൂണിസത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ചരിത്രമാണ് ആദ്യഭാഗത്ത് പ്രതിപാദിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ കാലമാണ് പ്രത്യേക ചർച്ച വിഷയം. അരാജകവാദം സംബന്ധിച്ച് രണ്ടാം ഭാഗത്തും മാർക്സും മാർക്‌സിസവും 1950ന്റെ മധ്യകാല ശേഷം സാർവദേശീയമായി ഉയർന്നുവന്ന സംവാദത്തിന്റെ വിവിധ വശങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു. സൈനികരും ഒളിപ്പോരാളികളും സംബന്ധിച്ചു നാലാം ഭാഗത്തും സായുധ വിപ്ലവകാരികളും വിപ്ലവവും സംബന്ധിച്ച അവസാനഭാഗത്തും പ്രതിപാദിക്കുന്നു. പത്രപ്രവർത്തകയും പ്രമുഖ വിവർത്തകയും ഗ്രന്ഥകാരിയുമായ ആർ. പാർവതി ദേവിയാണ് ഈ ഗ്രന്ഥം മലയാളത്തിൽ മൊഴിമാറ്റം നടത്തിയത്. എറിക് ഹോബ്‌സ്ബാമിന്റെ കൃതികൾ മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിപ്ലവകാരികൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 425 രൂപ വിലയുള്ള പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ ലഭ്യമാണ്.