തിരുവനന്തപുരം, ഫെബ്രുവരി 7, 2023: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി ടെക്കികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സാഹിത്യോത്സവം സൃഷ്ടി 2022ന്റെ വിജയികളെ പ്രഖ്യാപിക്കലും പുരസ്‌കാര ദാനവും ഫെബ്രുവരി ഒൻപതിന് നടക്കും. വൈകിട്ട് 5.30 മുതൽ ടെക്നോപാർക്ക് ട്രാവൻകൂർ ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ സാഹിത്യകാരൻ എസ്. ഹരീഷ് (കേരള സാഹിത്യ അക്കാദമി, വയലാർ പുരസ്‌കാര ജേതാവ്) മുഖ്യ അതിഥിയാകും.

ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ മലയാളം, ഇംഗ്ലിഷ് ഭാഷകളിലായി നടത്തിയ മത്സരങ്ങളിൽ കേരളത്തിലെ പ്രധാന ഐ.ടി പാർക്കുകളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലും അനുബന്ധ ഐ.ടി പാർക്കുകളിലുമുള്ള കമ്പനികളിലെ ജീവനക്കാർക്ക് പുറമേ സംസ്ഥാനത്തുടനീളമുള്ള വിവിധ കമ്പനികളിലെ 200ഓളം ഐ.ടി ജീവനക്കാരുടെ 207ൽ പരം രചനകളാണ് അവസാന റൗണ്ടിൽ ജൂറിക്കു മുന്നിലെത്തിയത്. കവയിത്രിയും കേരള സാഹിത്യ അക്കാഡമി അംഗവുമായ വി എസ്. ബിന്ദു ജൂറി ചെയർപേഴ്സൺ ആയ പാനൽ ആണ് വിജയികളെ തിരഞ്ഞെടുത്തത്.

പോയ വർഷങ്ങളിലും പ്രതിധ്വനി സംഘടിപ്പിച്ച സൃഷ്ടി കലാ സാഹിത്യ ഉത്സവത്തിന് ടെക്കികളിൽ നിന്നും ആവേശോജ്ജ്വലമായ പ്രതികരണമാണുണ്ടായിരുന്നത്. സാഹിത്യകാരന്മാരായ വി. മധുസൂദനൻ നായർ, കുരീപ്പുഴ ശ്രീകുമാർ, പ്രൊഫ.ചന്ദ്രമതി എന്നിവർ 2014ലും സുഭാഷ് ചന്ദ്രൻ 2015ലും ഏഴാച്ചേരി രാമചന്ദ്രൻ 2016ലും ബെന്യാമിൻ 2017ലും കുരീപ്പുഴ ശ്രീകുമാർ, കെ.ആർ മീര എന്നിവർ 2018ലും സന്തോഷ് എച്ചിക്കാനം 2019ലും സച്ചിദാനന്ദൻ 2020ലും സാറ ജോസഫ് 2021ലും മുഖ്യാതിഥികളായി വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ടെക്കികളുടെ മൂവ്വായിരത്തിലധികം രചനകൾ ആണ് ഇതുവരെ സൃഷ്ടിയിൽ മാറ്റുരയ്ക്കപ്പെട്ടത്

കൂടുതൽ വിവരങ്ങൾക്ക്: മീര എം.എസ് - 9562293685.