കൊച്ചി: രാജ്യാന്തരതലത്തിൽ പ്രശസ്തമായ വിവിധ വിദേശ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് സംയുക്ത എഞ്ചിനീയറിങ് വിദ്യാഭ്യാസപദ്ധതി സജീവമാക്കുമെന്ന് കേരള കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ.

കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ കീഴിലുള്ള കേരളത്തിലെ 14 എഞ്ചിനീയറിങ് കോളജുകളുടെ ഈ ചുവടുവെയ്പ് സംസ്ഥാനത്തെ എഞ്ചിനീയറിങ് വിദ്യാഭ്യാസമേഖലയിൽ വൻ കുതിപ്പും വിദ്യാർത്ഥികൾക്ക് രാജ്യാന്തരതലത്തിൽ കൂടുതൽ അവസരങ്ങളും സൃഷ്ടിക്കും. ഫാക്കൽറ്റി, സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാം, ഇന്റേൺഷിപ്പ് എന്നിവയിലൂടെ വിദേശവിദ്യാർത്ഥികൾ കേരളത്തിലും കേരളത്തിൽ നിന്നുള്ള സമർത്ഥരായ വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിനും മികച്ചസ്ഥാപനങ്ങളിൽ ജോലിക്കും സാധ്യതകളുണ്ടാകും.

സർക്കാരിന്റെ നിലവിലുള്ളതും രണ്ടുപതിറ്റാണ്ട് പഴക്കമുള്ളതുമായ എഞ്ചിനീയറിങ് അഡ്‌മിഷൻ രീതികളിൽ അടിയന്തരമാറ്റമുണ്ടാകണം. ഇതരസംസ്ഥാനങ്ങളിലേതുപോലെ എ.ഐ.സി.റ്റി.യുടെ നിബന്ധനകൾ മാത്രം അഡ്‌മിഷന് മാനദണ്ഡമാക്കണം. ഇത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ കേരളത്തിലേയ്ക്ക് കടന്നുവരാൻ സാധ്യതകളുണ്ടാക്കും. സമയബന്ധിതമായി കേരളത്തിലെ എഞ്ചിനീയറിങ് കോളജ് അഡ്‌മിഷനുകൾ പൂർത്തീകരിക്കുവാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകണം. ഇന്ത്യയിലും വിദേശത്തുമുള്ള വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ചുള്ള പദ്ധതികളും അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിക്കും. കേരളത്തെ എഞ്ചിനീയറിങ് വിദ്യാഭ്യാസ ഹബ്ബാക്കാനുള്ള സർക്കാരിന്റെ എല്ലാ ശ്രമങ്ങൾക്കും അസോസിയേഷൻ പിന്തുണ നൽകും. അസോസിയേഷന്റെ കീഴിലുള്ള എല്ലാ കോളജുകളിലും കൂടുതൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുവാനും സമ്മേളനം തീരുമാനിച്ചു.

കൊച്ചി കാക്കനാട് രാജഗിരി സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് മുഖ്യപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ വിഷയാവതരണവും നടത്തി. മോൺ. ഇ. വിൽഫ്രഡ്, മോൺ.തോമസ് കാക്കശ്ശേരി, ഫാ.ജോൺ വർഗീസ്, ഫാ. ആന്റണി അറയ്ക്കൽ, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ.പോൾ നെടുമ്പുറം, ഫാ.ജോൺ പാലിയക്കര, ഫ്രാൻസീസ് ജോർജ് എക്സ് എംപി., ഫാ. ആന്റോ ചുങ്കത്ത്, റവ.ഡോ.ജോസ് കണ്ണമ്പുഴ, ഫാ.മാത്യു കോരംകുഴ, ഫാ.ജസ്റ്റിൻ ആലുങ്കൽ, ഫാ.ബിജോയ് അറയ്ക്കൽ, ഫാ.ജോർജ് റബയ്റോ, ഫാ.വിൽസൺ ഏറത്തറ, ഫാ.ഡേവിസ് നെറ്റിക്കാടൻ, ഫാ.ആന്റണി പോട്ടോക്കാരൻ, ഡോ.ലിയോൺ ഇട്ടിയച്ചൻ എന്നിവർ സംസാരിച്ചു.