- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴഞ്ഞ് വീണുള്ള മരണങ്ങൾ: ജീവൻരക്ഷാ പദ്ധതിയുമായി ഹാർട്ട് കെയർ ഫൗണ്ടേഷൻ; എല്ലാ ജില്ലകളിലും സന്നദ്ധ പ്രവർത്തകർക്ക് സിപിആർ പരിശീലനം നൽകും
കൊച്ചി: കുഴഞ്ഞുവീണ് പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തര ജീവൻരക്ഷാ പരിശീലനം നൽകാൻ പദ്ധതിയുമായി ഹാർട്ട് കെയർ ഫൗണ്ടേഷൻ. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജില്ലകൾ തോറും സന്നദ്ധപ്രവർത്തകർക്ക് കാർഡിയോ പൾമണറി റിസസ്സിറ്റേഷൻ (സിപിആർ) പരിശീലനം നൽകും. ഭാരത് പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം ജില്ലയിലെ 1000 പേർക്ക് സിപിആർ പരിശീലനം നൽകികൊണ്ടാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
ഒരു ജീവൻ രക്ഷിക്കൂ, ഒരു ജീവിതകാലം സംരക്ഷിക്കൂ എന്ന പ്രമേയത്തിൽ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 14 ചൊവ്വാഴ്ച സെന്റ് തെരേസാസ് കോളേജിൽ രാവിലെ 11.30-ന് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുമെന്ന് ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ കളക്ടർ രേണു രാജ്, ബിപിസിഎൽ എക്സിക്യുട്ടിവ് ഡയറക്ടർ അജിത്കുമാർ കെ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം പദ്ധതി അവതരിപ്പിക്കും.
സംസ്ഥാനത്തെ ജനങ്ങളെയാകെ സിപിആർ നൽകാൻ സജ്ജരാക്കുക എന്നതാണ് പദ്ധതിയിലൂടെ ഹാർട്ട് കെയർ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈയടുത്ത കാലത്ത് യഥാസമയം സിപിആർ ലഭ്യമാക്കാത്തത് കാരണം നിരവധി വിലപ്പെട്ട ജീവനുകൾ നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഈ ഉദ്യമം സംസ്ഥാനത്ത് ക്രിയാത്മക പ്രഭാവം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഹാർട്ട് കെയർ ഫൗണ്ടേഷൻ സെക്രട്ടറി രാജു കണ്ണമ്പുഴ, ട്രസ്റ്റി ജോർജ് ഇ.പി, ഗവേണിങ് കൗൺസിൽ അംഗം ഡോ. നിഷാ വിക്രമൻ എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.