- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെൽ കർഷകരോടുള്ള അവഗണനയ്ക്കും ക്രൂരതയ്ക്കും അവസാനമുണ്ടാകണം: അഡ്വ.വി സി. സെബാസ്റ്റ്യൻ
ആലപ്പുഴ: കർഷകരിൽ നിന്ന് സർക്കാർ സംഭരിച്ച നെല്ലിന്റെ പണം സമയബന്ധിതമായി നൽകാതെ കേരള ബാങ്കിൽ നിന്ന് വായ്പയായി എടുക്കണമെന്ന നിർദ്ദേശം വിചിത്രമാണെന്ന് സ്വതന്ത്ര കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
സംസ്ഥാന സർക്കാർ സംവിധാനമായ സപ്ലൈകോയിലൂടെ കർഷകരിൽനിന്ന് സംഭരിച്ച നെല്ല്, അരിയായി വിപണിയിലെത്തി ജനങ്ങൾ ആഹാരമാക്കിയിട്ടും നെല്ല് ഉല്പാദിപ്പിച്ച കർഷകന് വില ലഭിക്കാത്തത് നീതികേടാണ്. അവസാനമിപ്പോൾ ലഭിക്കേണ്ട തുക കേരള ബാങ്കിൽ നിന്ന് നെൽകർഷകന് വായ്പയായിട്ട് എടുക്കാമെന്നുള്ള ഉത്തരവ് ന്യായീകരിക്കാവുന്നതല്ല. സപ്ലൈകോ ബാങ്കിൽ പണമടയ്ക്കാൻ വൈകിയാൽ വായ്പയുടെ ഭാരം മുഴുവൻ കർഷകർക്ക് ബാധ്യതയാകും. മുൻകാലങ്ങളിൽ വിവിധ ബാങ്കുകളുടെ കൺസോർഷ്യം വഴി നടത്തിയ വായ്പ വിതരണവും സപ്ലൈകോ പണം നൽകാതെ അട്ടിമറിക്കപ്പെട്ടു. കടംവാങ്ങി പണം സ്വരൂപിച്ച് കൃഷിയിറക്കുന്ന കർഷകന് വിറ്റ നെല്ലിന്റെ പോലും തുക കൃത്യമായി ലഭ്യമാക്കാതെ സർക്കാർ സ്വകാര്യ മില്ലുടമകൾക്കുവേണ്ടി ഒത്തുകളിക്കുകയാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് നെല്ല് ഇറക്കുമതി ചെയ്ത് സ്വകാര്യ മില്ലുടമകൾ കർഷകന്റെ നെല്ല് സംഭരണ അക്കൗണ്ടിലൂടെ നടത്തുന്ന തട്ടിപ്പിന് കുടപിടിക്കുന്നത് ഉദ്യോഗസ്ഥരാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തെളിഞ്ഞിരുന്നു. വിരിപ്പുകൃഷിക്ക് രജിസ്റ്റർ ചെയ്ത 278040 കർഷകർക്ക് 271 കോടി ലഭിക്കാനുണ്ട്. ഈ രീതി തുടർന്നാൽ നിലവിലുള്ള നെൽകൃഷി പോലും ഇല്ലാതെയാകും.
കൃഷി വകുപ്പിന്റെ കീഴിൽ കൃഷിക്കായി വൻ ഉദ്യോഗസ്ഥ സംവിധാനമുണ്ടെങ്കിലും 8.76 ലക്ഷം ഹെക്ടറിൽ നിന്ന് കേരളത്തിലെ കൃഷിയിടം 1.9 ലക്ഷം ഹെക്ടറായി കുറഞ്ഞിരിക്കുമ്പോൾ ഉത്തരം പറയേണ്ട കൃഷിവകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുന്നു. നെൽകർഷകരോടുള്ള നീതികേടിനും ക്രൂരതയ്ക്കും അവസാനമുണ്ടാക്കാതെ രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ നാടുനീളം കർഷകസ്നേഹം പ്രസംഗിക്കുന്നത് അർത്ഥശൂന്യമാണ്. പാലക്കാട്ടും കുട്ടനാട്ടിലും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ വിവിധ കർഷകസംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് നെൽകർഷക പ്രക്ഷോഭം ആരംഭിക്കുമെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.