തിരുവനന്തപുരം: ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് പ്രശസ്ത നർത്തകി മേതിൽ ദേവിക ഭിന്നശേഷിക്കുട്ടികളുടെയും കാണികളുടെയും മനം കവർന്നു. ഭിന്നശേഷി ശാക്തീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 25, 26 തീയതികളിൽ സംഘടിപ്പിക്കുന്ന സമ്മോഹൻ ദേശീയ കലാമേളയ്ക്ക് നാന്ദി കുറിച്ചുകൊണ്ട് ഇന്ന് (ശനി) വൈകുന്നേരം 6ന് തിരുവനന്തപുരം നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന എംപവറിങ് വിത്ത് ലൗ എന്ന കലാപരിപാടിയുടെ പരിശീലനത്തിനിടെയാണ് മേതിൽ ദേവിക ഭിന്നശേഷിക്കുട്ടികൾക്കൊപ്പം നൃത്തം ചെയ്തത്.

സമ്മോഹനം.. സമ്മോഹനം... ശലഭനിറമികവാർന്ന സമ്മേളനം.... എന്ന തീം സോംഗിന്റെ ദൃശ്യാവിഷ്‌കാരത്തിന് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്കൊപ്പം മേതിൽ ദേവിക ചുവടുവച്ചതോടെ കുട്ടികൾ ആവേശത്തിലായി. ഇന്ത്യയിലാദ്യമായി നടക്കുന്ന ഭിന്നശേഷി കലാമേളയുടെ തീം ഡാൻസിന് മേതിൽ ദേവിക നിർദ്ദേശങ്ങൾ നൽകുകയും നൃത്തചുവടുകൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്താണ് അവർ മടങ്ങിയത്.

ഇന്ന് (ശനി) വൈകുന്നേരം നടക്കുന്ന എംപവറിങ് വിത്ത് ലൗ കലാസന്ധ്യ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാരം ജേതാവ് ആദിത്യ സുരേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡിഫറന്റ് ആർട് സെന്റർ രക്ഷാധികാരി അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. സമ്മോഹൻ കലോത്സവത്തിന് നാന്ദികുറിച്ചുകൊണ്ടാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കുട്ടികൾ രണ്ട് മണിക്കൂർ നീളുന്ന വിസ്മയ പ്രകടനങ്ങൾ അവതരിപ്പിക്കുന്നത്. കലാസന്ധ്യയിൽ ഇന്ദ്രജാലം, സംഗീതം, നൃത്തം, ഫ്യൂഷൻ ഡാൻസ്, ചെണ്ടമേളം, സ്‌കിറ്റ് തുടങ്ങിയവ അവതരിപ്പിക്കും.
ഫെബ്രുവരി 25, 26 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിൽപ്പരം ഭിന്നശേഷിക്കുട്ടികൾ മേളയുടെ ഭാഗമാകും. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട് സെന്റർ, മാജിക് പ്ലാനറ്റ് എന്നിവയിലെ പതിനഞ്ചോളം വേദികളാണ് കലാമേളയ്ക്കായി ഉപയോഗിക്കുന്നത്.

മേളയിൽ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് എംപവർമെന്റ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ 9 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള കുട്ടികളും പങ്കെടുക്കും. അപാരമായ കഴിവുകൾ ഉള്ളിലൊളിപ്പിച്ച് സമൂഹത്തിന്റെ ഒരുകോണിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഭിന്നശേഷി വിഭാഗത്തെ മുഖ്യധാരയിലേയ്ക്ക് ഉയർത്തുന്നതിനും തുല്യനീതി ഉറപ്പാക്കുന്നതിനുമാണ് സമ്മോഹൻ എന്ന കലാമേള ലക്ഷ്യമിടുന്നത്.

മാജിക്, നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികൾ കഴിവുകൾ പ്രദർശിപ്പിക്കുന്നത്. കലാപ്രദർശനങ്ങൾക്ക് പുറമെ ഭിന്നശേഷി സമൂഹത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വിഭാഗങ്ങൾ, ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും.