കൽപ്പറ്റ: ഇടതു ഭരണത്തിൽ ആൾകൂട്ട അക്രമണങ്ങൾ വ്യാപകമാകുന്നതായും ആദിവാസി യുവാവ് വിശ്വനാഥന് നേരേ നടന്ന ആൾക്കൂട്ട അക്രമവും ദുരൂഹ മരണവും ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൾക്കൂട്ട അക്രമത്തിന് ഇരയാവുകയും ദൂരഹ സാഹചര്യത്തിൽ മരണപ്പെടുകയും ചെയ്ത കൽപ്പറ്റ അഡ്ലെയ്ഡ് പാലവയൽ കോളനിയിലെ വിശ്വനാഥന്റെ വീട് സന്ദർശിച്ച ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ട് പോലും ഇതുവരെ ഒരാളെ പോലും പിടികൂടാനാകാത്തത് പൊലീസിന്റെ കഴിവുകേടുകൊണ്ടല്ല. മറിച്ച് ഇരയായത് ആദിവാസി വിഭാഗമായതുകൊണ്ടാണ്. കേസിന്റെ തുടക്കം മുതൽ പൊലീസിന്റേത് അഴകൊഴമ്പൻ സമീപനമായിരുന്നു. കാണാതായ അന്നുതന്നെ കേസ് നൽകാൻ ഭാര്യ ബിന്ദുവും അമ്മ ലീലയും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ പൊലീസ് കേസ് എടുത്തിരുന്നില്ല. പിറ്റേന്ന് വിശ്വനാഥന്റെ സഹോദരൻ വിനോദ് കേസ് നൽകാൻ ചെന്നപ്പോൾ ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്. യാതൊരു തെളിവുമില്ലാതെ മോഷണക്കുറ്റം ആരോപിച്ചാണ് വിശ്വനാഥന് നേരേ ആൾക്കൂട്ട അക്രമമുണ്ടായത്.

ഇതേ ആരോപണം ഉന്നയിച്ചാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. അതിലെ പ്രതികളെ സർക്കാർ സംരക്ഷിച്ചതിനാലാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത്. ആദിവാസികൾക്കു നേരേ കേരളത്തിൽ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾ ലജ്ജാകരമാണ്. കേരളം ഇതുവരെ ആർജ്ജിച്ചെടുത്തു എന്നവകാശപ്പെടുന്ന സാമൂഹിക പുരോഗതിയുടെ പൊള്ളത്തരമാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാക്കുന്നത്. ദലിതുകളെയും ആദിവാസികളെയും അക്രമിച്ചാൽ പ്രതികളെ സംരക്ഷിക്കാൻ ഇടതു സർക്കാർ ഒപ്പമുണ്ടാകും എന്ന ധാരണ കേരളസമൂഹത്തിൽ വ്യാപിച്ചു. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾക്ക് സമാനമാണ് കേരളത്തിൽ ആദിവാസി വിഭാഗത്തിന് നേരേ നടക്കുന്ന ആൾക്കൂട്ട അക്രമണങ്ങൾ.

വിശ്വനാഥൻ കേസിലെ മുഴുവൻ പ്രതികളെയും കേസിൽ അനാസ്ഥ കാണിച്ച മുഴുവൻ ഉദ്യാഗസ്ഥരെയും എസ് സി എസ് ടി അട്രോസിറ്റി അക്ട് പ്രകാരം കേസെടുക്കണം. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം.

കുടുംബത്തിന് 2 ലക്ഷം രൂപ
പ്രഖ്യാപിച്ചത് വഴി ആദിവാസി വിഭാഗത്തെ സർക്കാർ വീണ്ടും ആക്ഷേപിച്ചിരിക്കുകയാണ്. കുടുംബത്തിന് നഷ്ടപരിഹാരമായി 20 ലക്ഷം നൽകണമെന്നും വിശ്വനാഥന്റെ ഭാര്യ ബിന്ദുവിന് സർക്കാർ ജോലി നൽകണമെന്നുമാണ് എസ്ഡിപിഐ ആവശ്യപ്പെടുന്നതെന്നും കൃഷ്ണൻ എരഞ്ഞിക്കൽ പറഞ്ഞു.

എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ എ അയ്യൂബ്, വൈസ് പ്രസിഡന്റ് ഇ ഉസ്മാൻ, ജനറൽ സെക്രട്ടറി ടി നാസർ കൽപറ്റ മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി കെ കെ ഷമീർ, കൽപറ്റ മണ്ഡലം കമ്മിറ്റിയംഗം കെ റസാഖ്, എന്നിവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.