കൊച്ചി: പാതിവഴി താണ്ടുമ്പോൾ കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പ് സന്ദർശിച്ചത് 5.15 ലക്ഷത്തിൽപരം ആളുകൾ. ഈ മാസം 22ലെ കണക്കുകൾ പ്രകാരമാണിത്. ദിവസങ്ങൾക്കകം കൊച്ചി ബിനാലെ സന്ദർശകരുടെ എണ്ണം റെക്കോർഡ് പിന്നിടുമെന്നാണ് പ്രദർശനം കാണാനെത്തുന്നവരുടെ തിരക്ക് വ്യക്തമാക്കുന്നത്. കഴിഞ്ഞ ബിനാലെ കാണാനെത്തിയത് ആറുലക്ഷം പേരായിരുന്നു.

രാജ്യത്തെമ്പാടു നിന്നുമായി ലോവർ പ്രൈമറിലെ മുതൽ പ്രൊഫഷണൽ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, ഉദ്യോഗസ്ഥർ, മന്ത്രിമാരുൾപ്പെടെ ജനപ്രതിനിധികളും നേതാക്കളും, നിയമജ്ഞർ, അക്കാദമിക പണ്ഡിതന്മാർ, സിനിമയുൾപ്പെടെ കലാരംഗത്തെ പ്രമുഖർ, കായികതാരങ്ങൾ, സാങ്കേതിക വിദഗ്ദ്ധർ, എല്ലാറ്റിലുമുപരിയായി ലോകത്തെമ്പാടു നിന്നുമുള്ള ആസ്വാദകർ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലും നിന്നുള്ളവർ ബിനാലെയെ മുൻപെന്നത്തേക്കാളുമുപരി ഊർജസ്വലവും സജീവവുമാക്കുന്നു.

പരീക്ഷാക്കാലമായിട്ടും ബിനാലെയിൽ ജനത്തിരക്കിനു കുറവില്ലെന്നത് ശ്രദ്ധേയമാണ്. ബിനാലെയുടെ വിവിധ വേദികളിൽ നടക്കുന്ന സംഗീതവും സിനിമയുമുൾപ്പെടെ കലാപരിപാടികളും ചർച്ചകളും സംവാദങ്ങളും സംഭാഷണങ്ങളും സമ്മേളനങ്ങളും ആർട്ട്‌റൂം ശിൽപശാലകളും മികച്ച നിലയ്ക്ക് ജനശ്രദ്ധ ആകർഷിക്കുന്നു. ഡിസംബർ 23നു ആരംഭിച്ച ബിനാലെ ഏപ്രിൽ പത്തിനാണ് സമാപിക്കുന്നത്. പ്രവേശനം രാവിലെ പത്തുമുതൽ ഏഴുവരെ. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയും ഉം മുതിർന്ന പൗരന്മാർക്ക് 100 ഉം വിദ്യാർത്ഥികൾക്ക് 50 ഉം രൂപയാണ് ടിക്കറ്റ് നിരക്ക്.