തിരുവനന്തപുരം: ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി 25, 26 തീയതികളിൽ നടക്കുന്ന ഭിന്നശേഷി ദേശീയ കലാമേളയിൽ പങ്കെടുക്കാൻ ഉത്തേരന്ത്യയിൽ നിന്നും ആദ്യസംഘമെത്തി. മദ്ധ്യപ്രദേശിലെ സീഹോറിൽ നിന്നും പതിനൊന്നംഗ സംഘവും ഉത്തരാഖണ്ഡിൽ നിന്നും ഇരുപത്തിയാറംഗ സംഘവുമാണ് ഇന്നലെ രാത്രി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയത്. സംഘത്തെ കടകംപള്ളി സുരേന്ദ്രൻ എംഎ‍ൽഎ, ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ദേശീയ കലാമേളയിൽ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങൾക്കൊപ്പം ഡാൻസ് ഡ്രാമ, യോഗ ഡാൻസ് തുടങ്ങിയ നിരവധി കലായിനങ്ങൾ അവതരിപ്പിക്കും. പരിപാടിയിൽ പങ്കെടുക്കാൻ തെലുങ്കാനയിൽ നിന്നും ദേശീയ പുരസ്‌കാര ജേതാവ് ശ്രേയ മിശ്രയും എത്തിയിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് സമ്മോഹൻ ദേശീയ കലാമേള സംഘടിപ്പിക്കുന്നത്. കലാമേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിൽപ്പരം ഭിന്നശേഷിക്കുട്ടികൾ പങ്കെടുക്കും. മറ്റുള്ള സംഘങ്ങൾ ഇന്നും നാളെയുമായി എത്തും. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട് സെന്റർ, മാജിക് പ്ലാനറ്റ് എന്നിവയിലെ പത്തോളം വേദികളാണ് കലാമേളയ്ക്കായി ഉപയോഗിക്കുന്നത്.

മേളയിൽ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ 9 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള കുട്ടികളും പങ്കെടുക്കും.മാജിക്, നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികൾ കഴിവുകൾ പ്രദർശിപ്പിക്കുന്നത്. കൂടാതെ ഭിന്നശേഷി മേഖലയിൽ കഴിവ് തെളിയിച്ച പ്രഗൽഭരായ വ്യക്തികളുടെ കലാപ്രകടനങ്ങളും അരങ്ങേറും. കലാപ്രദർശനങ്ങൾക്ക് പുറമെ ഭിന്നശേഷി സമൂഹത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വിഭാഗങ്ങൾ, ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും.