മലപ്പുറം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ എസ്എഫ്‌ഐ കൃത്രിമം നടത്തുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക് ഈ വർഷം നടന്ന വിദ്യാർത്ഥി യൂണിയൻ ഇലക്ഷനുകളിൽ എസ്എഫ്‌ഐക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. യൂണിവേഴ്‌സിറ്റി യൂണിയനിൽ വിജയിക്കാൻ പാകത്തിനുള്ള എണ്ണം യു.യു.സിമാരില്ലാത്തത് എസ്എഫ്‌ഐക്ക് പരാജയഭീതി സൃഷ്ടിച്ചിരിക്കുന്നു എന്നത് വ്യക്തമാണ്. യൂണിവേഴ്‌സിറ്റിയിൽ നിരന്തരമായി സമ്മർദ്ദം ചെലുത്തുകയും ഇടത് അനുകൂലികളായ സർവ്വകലാശാലാ അധികാരികൾ എസ്എഫ്‌ഐക്ക് വേണ്ടി ഇലക്ഷൻ അട്ടിമറിക്കാൻ കൂട്ടു നിൽക്കുകയും ചെയ്യുന്നു.

പ്രാഥമിക വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഫ്രറ്റേണിറ്റിയുടെ രണ്ട് യു.യു.സിമാരുൾപ്പെടെ പതിനേഴ് യു.യു.സിമാരുടെ പേര് അന്തിമ വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി നീക്കം ചെയ്തത് ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എസ്എഫ്‌ഐ ശ്രമത്തിന് കൂട്ടുനിൽക്കുന്ന യൂണിവേഴ്‌സിറ്റി ഡീനിന്റെ നിലപാട് പ്രതിഷേധാർഹമാണ്. ഇത്തരം അനീതികളെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് രാഷ്ട്രീയപരവും നിയമപരവുമായി നേരിടുമെന്നും നിലപാട് തിരുത്താൻ സർവകലാശാല തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ പ്രസ്താവനയിൽ അറിയിച്ചു