- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് ഡിഫറന്റ് ആർട് സെന്ററിൽ ഉജ്ജ്വല തുടക്കം;കലാമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന നിലയിൽ ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി കലാമേള സംഘടിപ്പിക്കുവാൻ ഡിഫറന്റ് ആർട് സെന്റർ ഏറ്റവും ഉചിതമായ വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി സംഘടിപ്പിക്കുന്ന സമ്മോഹൻ ദേശീയ കലാമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കുട്ടികളെ മുഖ്യധാരയിലെത്തിക്കുവാൻ ഇത്തരം മേളകൾ അനുചിതമാണ്. ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുവാൻ സർക്കാർ നിരവധി പരിപാടികളാണ് ചെയ്തുവരുന്നത്. ഇതിന്റെ ഭാഗമായി ബാരിയർ ഫ്രീ പദ്ധതി കേരളം നടപ്പിലാക്കി വരികയാണ്. എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനും നടപടികൾ സ്വീകരിച്ചു വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാംഗ്ലൂരിൽ നിന്നെത്തിയ പത്തോളം ഭിന്നശേഷിക്കാരുടെ ചക്രക്കസേര നൃത്തത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ച്. സദസ്സിനെ പിടിച്ചുകുലുക്കിയ ഉജ്ജ്വല പ്രകടനമായിരുന്നു അവരുടേത്. കാഴ്ച പരിമിതയുയായ തമിഴ്‌നാട് സ്വദേശി ജ്യോതികല തിരുവിതാംകൂറിന്റെ ദേശീയ ഗാനമായിരുന്ന വഞ്ചീശമംഗളം ആലപിച്ചുകൊണ്ട് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജ്യോതികലയെ മുഖ്യമന്ത്രി പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ, നാഷണൽ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി കെ.ആർ വൈദീശ്വരൻ എന്നിവർസംസാരിച്ചു. ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് സ്വാഗതവും മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വേദികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭിന്നശേഷി കലാകാരന്മാരുടെ കലാരൂപങ്ങൾ അവതരണവും നടന്നു. കലാമേള ഇന്ന് (ഞായർ) സമാപിക്കും. സമാപന സമ്മേളനം ഇന്ന് വൈകുന്നേരം 3ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകനും മാജിക് അക്കാദമി രക്ഷാധികാരിയുമായ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തോമസ് ചാഴിക്കാടൻ എംപി, കെ.കെ ശൈലജ ടീച്ചർ എന്നിവർ പങ്കെടുക്കും. സമ്മോഹൻ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ജിജി തോംസൺ ഐ.എ.എസ് സ്വാഗതവും ഗോപിനാഥ് മുതുകാട് നന്ദിയും പറയും.
സമ്മോഹൻ കലാമേളയ്ക്ക് ഇരട്ടിമധുരവുമായി മിറാക്കിൾ ഓൺ വീൽസിന്റെ വേറിട്ട നൃത്തക്കാഴ്ച
തിരുവനന്തപുരം: ചക്രക്കസേരയിലെ ജീവിതം പ്രതീക്ഷകളുടെ അവസാനമല്ലെന്ന് തെളിയിച്ച ഉശിരൻ പ്രകടനവുമായി ബാംഗ്ലൂരിലെ മിറാക്കിൽ ഓൺ വീൽസ് സമ്മോഹൻ ഉദ്ഘാടന വേദിയെ പ്രകമ്പനം കൊള്ളിച്ചു. ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് നർത്തകർ നടത്തിയ ചടുല നൃത്തം സദസ്സ് കണ്ണിമവെട്ടാതെ കണ്ടിരുന്നു. വീൽചെയറുകൾ മറിച്ചിട്ടും അതിനുമുകളിൽ കയറി നിന്നും പരിമിതിയോട് പടവെട്ടുന്ന വ്യത്യസ്ത നൃത്തക്കാഴ്ചയാണ് കാണികൾക്ക് സമ്മാനിച്ചത്. കാണികളെ എഴുന്നേറ്റ് നിന്ന് കൈയടിക്കാൻ പ്രേരിപ്പിച്ച അപൂർവ നിമിഷങ്ങളും കൊണ്ട് സമ്പന്നമായിരുന്നു വീൽ ചെയർ ഡാൻസ്. ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി നടക്കുന്ന ദ്വിദിന കലാമേളയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് മിറാക്കിൾ ഓൺ വീൽസിന്റെ അപൂർവ പ്രകടനം നടന്നത്. അംഗപരിമിതരും ശ്രവണ സംസാര പരിമിതരുമാണ് സംഘത്തിലുണ്ടായിരുന്നത്. കലാമേളയ്ക്ക് ഏറ്റവും ഉചിതമായ തുടക്കമായിരുന്നുവെന്ന് കാണികൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.