മണ്ണാർക്കാട്: ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തു. സൈക്കിൾ വിതരണ ഉദ്ഘാടനം തമിഴ് നടൻ ജയം രവി നിർവ്വഹിച്ചു.

കുട്ടികളിലെ കായികശേഷി വർധിപ്പിച്ച് ഊർജസ്വലരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ശമ്പരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. ശശികുമാർ പറഞ്ഞു. ട്രസ്റ്റിന്റെ കീഴിലുള്ള പുലാപ്പറ്റ ശബരി എംവിടി സെൻട്രൽ യുപി സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിളയൻചാത്തന്നൂരിലെ ശബരി വിഎൽഎൻഎം യുപി സ്‌കൂൾ, കല്ലുവഴിയിലെ ശബരി എയുപി സ്‌കൂൾ, കാരക്കുരിശ്ശിലെ ശബരി ഹയർ സെക്കൻഡറി സ്‌കൂൾ, ശബരി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പുതിയതായി ചേർന്ന വിദ്യാർത്ഥികൾക്കുമായി 2031 സൈക്കിളുകളാണ് വിതരണം ചെയ്തത്.

ചടങ്ങിൽ ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള പുലാപ്പറ്റയിലെ ശബരി എംവിടി സെൻട്രൽ യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടൻ ജയറാം നിർവഹിച്ചു.
പുതിയ കെട്ടിട സമുച്ചയത്തിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സ്‌കൂളിലെ ഭക്ഷണശാല ശബരി ഗ്രൂപ്പ് ചെയർമാൻ പി. ശശികുമാർ ഉദ്ഘാടനം ചെയ്തു. യോഗ ഹാളിന്റെ ഉദ്ഘാടനം പാർവതി ജയറാം നിർവഹിച്ചു. ചിൽഡ്രൻസ് പാർക്ക് സ്‌കൂൾ മുൻ മാനേജർ ഇന്ദിര തമ്പാട്ടി, സ്റ്റേഡിയം ചെർപ്പുളശ്ശേരി എഇഒ പി.എസ്. ലത, ഇൻഡോർ ഗെയിംസ് ഷെൽറ്റർ മാളവിക ജയറാം, ക്ലോക്ക് ടവർ വാർഡ് മെമ്പർ എം.എൻ. വേണുഗോപാലൻ, അടുക്കളത്തോട്ടം പിടിഎ പ്രസിഡന്റ് ഒ.പി. രാജേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുൻ മാനേജർമാരെയും അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. ശബരി ചാരിറ്റബിൾ ട്രസ്റ്റ് സ്‌കൂൾസ് മാനേജർ പി. മുരളീധരൻ, ശബരി എംവിടി സെൻട്രൽ യുപി സ്‌കൂൾ ഹെഡ്‌മാസ്റ്റർ സി.എൻ. രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശബരി ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഫെയ്ത്ത് ഇന്ത്യ സ്‌പെഷ്യൽ സ്‌കൂളിലെ സഹർഷം 2023 പരിപാടിയിലും ജയറാമും പാർവതിയും മകൾ മാളവിക ജയറാമും ജയം രവിയും പങ്കെടുത്തു.

2000-ലാണ് ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ആദ്യ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അന്നു തന്നെ സ്‌കൂൾ കുട്ടികൾക്കായി ബസ് സർവ്വീസ് സൗജന്യമായി നൽകിയിരുന്നു. ഇതിന് പുറമേ സൗജന്യ ഉച്ചഭക്ഷണം, യൂണിഫോം, പുസ്തകം എന്നിവയും മാനേജ്‌മെന്റ് നൽകിവരുന്നു.