തിരുവനന്തപുരം: കർശനമായ ജാമ്യവ്യവസ്ഥ കാരണത്താൽ ഫലപ്രദമായ ചികിത്സ നടത്താൻ കഴിയാതെ അബ്ദുന്നാസർ മഅ്ദനി അങ്ങേയറ്റം പ്രയാസപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിരമായി മുഖ്യമന്ത്രി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പലേരി കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

അപകടകരമായ ആരോഗ്യാവസ്ഥയിലുള്ള അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കേരളീയ സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമാണ്. മികച്ച ചികിത്സ നേടുന്നതിന് വേണ്ടി കേരളത്തിലേക്ക് വരാൻ കഴിയും വിധം ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് മഅ്ദനിയുടെ കുടുംബം സുപ്രിം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഈ കേസിൽ കേരള സർക്കാർ കക്ഷി ചേരണം. മഅ്ദനിയുടെ ഇപ്പോഴത്തെ സ്ഥിതി മെഡിക്കൽ ബോർഡിനെ നിയോഗിച്ച് മനസ്സിലാക്കി സുപ്രീം കോടതിയെ ധരിപ്പിക്കാൻ സർക്കാർ തീരുമാനം ഉണ്ടാകണം. കോടതിയിൽ അനുകൂല സമീപനം സ്വീകരിക്കുന്നതിന് കർണാടക മുഖ്യമന്ത്രിയെ ഇപ്പോഴത്തെ സ്ഥിതി ബോധ്യപ്പെടുത്താൻ കേരള മുഖ്യമന്ത്രിയുടെ പ്രത്യേകമായ ഇടപെടൽ ഉണ്ടാകണം.

സംഘ് പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള വേട്ടയാടലിന്റെ ഏറ്റവും വലിയ ഇരയാണ് മഅ്ദനി. കോയമ്പത്തൂർ സ്‌ഫോടന കേസിൽ അന്യായമായി 9 വർഷം ജയിലിൽ അടക്കപ്പെട്ട അദ്ദേഹം ഇപ്പോൾ 13 വർഷമായി കർണാടകയിൽ സമാനാവസ്ഥയിൽ കഴിയുകയാണ്.

കുടുംബവുമായി ഇന്നലെ ഫോണിൽ സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ രോഗാവസ്ഥ വളരെ പ്രയാസകരമാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

ഈ അവസ്ഥയിൽ നിന്ന് അദ്ദേഹത്തെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടി പരിശ്രമിക്കേണ്ടത് സംഘപരിവാർ വിരുദ്ധ പോരാട്ടത്തിൽ ഒരുമിച്ചു നിൽക്കുന്ന കേരളീയ സമൂഹത്തിന്റെ ബാധ്യയാണെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.