കൊച്ചി: സപ്ലൈക്കോയ്ക്ക് വിറ്റ നെല്ലിന്റെ പണം ലഭിക്കാൻ കർഷകർ കൃഷിഭൂമി കേരള ബാങ്കിൽ പണയംവെയ്ക്കേണ്ട ദുർഗതി നേരിടുന്നുവെന്നും നെല്ലെടുപ്പിന്റെ മറവിൽ വൻ സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.

ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് മാറി കേരള ബാങ്കിലൂടെ പണം ലഭിക്കുമെന്നാണ് സപ്ലൈക്കോ അറിയിക്കുന്നതെങ്കിലും മില്ലുടമകളും ഇടനിലക്കാരും ഏജന്റുമാരും ചേർന്നുള്ള മാഫിയ സംഘങ്ങളുടെ അനധികൃത ഇടപെടൽ ശക്തമാണ്. കൃഷിവകുപ്പിലെ ഉന്നതരും ഇതിന് കൂട്ടുനിൽക്കുന്നതായി സംശയിക്കപ്പെടുന്നു. സപ്ലൈക്കോയ്ക്ക് വിറ്റ നെല്ലിന്റെ പണം ലഭിക്കുവാൻ കൃഷിഭൂമി പണയം വെയ്ക്കുക മാത്രമല്ല 12 മാസത്തിനുള്ളിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ, ബാങ്കിൽ പണം അടയ്ക്കാത്തപക്ഷം കർഷകന് നെല്ലുവിലയായി ബാങ്ക് നൽകിയ തുകയും പലിശയും തിരിച്ചടയ്ക്കേണ്ടതും അല്ലാത്തപക്ഷം കർഷകന്റെ സ്ഥാവരജംഗമ വസ്തുക്കളിൽ നിന്ന് ഈടാക്കാമെന്ന് സമ്മതിച്ച് ബാങ്കിൽ കരാർ ഒപ്പിട്ടുകൊടുക്കുകയും വേണം.

കർഷകസംരക്ഷകരെന്ന് കൊട്ടിഘോഷിക്കുന്ന ഭരണസംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥരും ഇത്തരം ദ്രോഹനടപടികൾക്ക് ഒത്താശചെയ്യുന്നത് ധിക്കാരമാണ്. നെല്ലിന്റെ വിലയും കൃഷിഭൂമിയും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥ ബോധപൂർവ്വം സർക്കാരും കൃഷിവകുപ്പും സൃഷ്ടിക്കുന്നു. അസംഘടിത കർഷകരുടെമേൽ എന്തുമാകാമെന്ന സർക്കാർ അഹന്തയ്ക്ക് അവസാനമുണ്ടാകണം. 29,496 കർഷകർക്ക് 199.90 കോടി രൂപ വിതരണം ചെയ്യേണ്ടതാണ്. ഇത് ഭാഗികമായി മാത്രമാണ് നടപ്പിലായിരിക്കുന്നത്. സപ്ലൈക്കോ ബാങ്കിൽനിന്ന് വായ്പയെടുക്കുന്നെങ്കിൽ കർഷകരിൽനിന്ന് സംഭരിച്ച നെല്ല് വിറ്റ് ലഭിച്ച തുക എവിടെപ്പോയെന്ന് കൃഷിവകുപ്പും സിവിൽ സപ്ലൈസ് വകുപ്പും വ്യക്തമാക്കണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.