- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കൃത സർവ്വകലാശാലയിൽ അന്താരാഷ്ട്ര ശില്പശാല ഇന്ന് (മാർച്ച് എട്ട്) തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്‌കൃതം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്പശാല മാർച്ച് എട്ട് മുതൽ പത്ത് വരെ കാലടി മുഖ്യക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
പ്രശസ്ത തീയേറ്റർ ആർട്ടിസ്റ്റും ഫിൻലാൻഡ് വാസ യൂണിവേഴ്‌സിറ്റി ഫിസിക്കൽ തിയേറ്റർ ഡീനുമായ ഡോ. മായ തൻബർഗ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ. ജി. പൗലോസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് രചിച്ച 'ഇന്ത്യൻ സംസ്‌കാരത്തിന്റെ ബഹുസ്വരത' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.
കൊറിയോഗ്രാഫറും പെർഫോമിങ് ആർട്ടിസ്റ്റുമായ ജിയോവന്ന സുമ്മോ, ഡോ. സെസാരി ഗാലെവിക്‌സ് (ജാഗിലോണിയൻ യൂണിവേഴ്‌സിറ്റി, പോളണ്ട്), ഡോ. ക്രിസ്റ്റോഫ് വിയേലെ (ലൂവെയ്ൻ യൂണിവേഴ്‌സിറ്റി, ബെൽജിയം), മാർഗി മധു, ഡോ. ആർ. എൽ. വി. രാമകൃഷ്ണൻ, ഡോ. കേശവൻ വെളുത്താട്ട്, ഡോ. സി. എം. നീലകണ്ഠൻ എന്നിവർ ശില്പശാലയിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഇൻഡോളജി മേഖലയിൽ നടക്കുന്ന പുതിയ ഗവേഷണങ്ങളും ചർച്ചകളും സമഗ്രമായി വിശകലനം ചെയ്യുന്നതിനുള്ള അവസരമാണ് സർവ്വകലാശാല സംസ്‌കൃത സാഹിത്യ വിഭാഗം ഒരുക്കുന്നത്. ഓൺലൈനായും ഓഫ്‌ളൈനായും നടക്കുന്ന ഈ രാജ്യാന്തരശില്പശാലയിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാമെന്ന് സംസ്‌കൃതം സാഹിത്യ വിഭാഗം മേധാവി ഡോ. കെ. ആർ. അംബിക അറിയിച്ചു.
സംസ്‌കൃത സർവ്വകലാശാലയിലെ വിവിധ കർമ്മപദ്ധതികളുടെ ഉദ്ഘാടനങ്ങൾ
മന്ത്രി ആർ. ബിന്ദു 9ന് നിർവ്വഹിക്കും
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറ് ദിന കർമ്മപരിപാടികളുടെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഉദ്ഘാടനം മാർച്ച് ഒൻപതിന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അറിയിച്ചു. കൂടിയാട്ടം ഡിജിറ്റലൈസേഷൻ, ക്രിയേറ്റീവ് ലിറ്ററേച്ചർ ഡവലപ്‌മെന്റ് ഇൻ സാൻസ്‌ക്രിറ്റ്, സർവ്വകലാശാലയിൽ പുതുതായി ആരംഭിക്കുന്ന സെന്റർ ഫോർ അക്കാദമിക് റൈറ്റിങ് എന്നിവയുടെ ഉദ്ഘാടനവും കേരള നോളജ് സീരീസിൽ പ്രസിദ്ധീകരിക്കുന്ന മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി നിർവ്വഹിക്കും. കോൺട്രിബ്യൂഷൻ ഓഫ് കേരള ടു വേദാന്തദർശന (ഡോ. വി. ശിശുപാല പണിക്കർ), കേരളത്തിന്റെ സാംസ്‌കാരികപരിണാമം (ഡോ. എസ്. രാജശേഖരൻ), അലങ്കാരദർശിനി ഓഫ് ഗോവിന്ദ (ഡോ. ബി. നിധീഷ് കണ്ണൻ) എന്നിവയാണ് പ്രകാശനം ചെയ്യുന്ന പുസ്തകങ്ങൾ എന്ന് പ്രൊഫ. എം. വി. നാരായണൻ അറിയിച്ചു.
റോജി എം. ജോൺ എംഎൽഎ. അധ്യക്ഷനായിരിക്കും. സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. പ്രേംകുമാർ എംഎൽഎ. മുഖ്യാതിഥിയായിരിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ആമുഖ പ്രഭാഷണം നടത്തും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ൻ എന്നിവർ പ്രസംഗിക്കും.