വിജ്ഞാനം വികാസമില്ലാതെ പരിമിതപ്പെട്ട് പോകുന്നത് അഭികാമ്യമല്ലെന്നും ഏത് മേഖലയിലായാലും അത് കേടുപാടുണ്ടാക്കുമെന്നും കാലടി സംസ്‌കൃതസർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എം വിനാരായണൻ. സർവ്വകലാശാലയിൽ 'ഇൻഡോളജിക്കൽ ഗവേഷണത്തിന്റെ പുതിയ ചക്രവാളങ്ങൾ' എന്ന പേരിൽ ബുധനാഴ്‌ച്ച ആരംഭിച്ച ത്രിദിന രാജ്യാന്തരശില്പശാലയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിജ്ഞാനശാഖകളും പണ്ഡിതന്മാരും വിമർശനത്തിന് വിധേയമാണെന്നും അതില്ലാത്തവ വിജ്ഞാനത്തിൽ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുമെന്നുംപ്രൊഫസർ എം. വി. നാരായണൻ ചൂണ്ടിക്കാട്ടി.

സംസ്‌കൃതം പോലെയുള്ള ഒരു വിജ്ഞാനവൃന്ദത്തിന് അതിലെ സാധ്യതകൾ മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാം. അതുപോലെ തന്നെ മറ്റ് മേഖലകളുമായി ഈ വിജ്ഞാനത്തെ ചേർത്തുനിർത്തുന്ന സാധ്യതകൾ പരിശോധിക്കാമെന്നും എംവി നാരായണൻ പറഞ്ഞു. മാർച്ച് 8 മുതൽ 10 വരെ നടക്കുന്ന ശില്പശാല ഫിൻലാൻഡ് വാസ യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസറും തീയേറ്റർ ആർട്ടിസ്റ്റുമായ ഡോ. മായ തൻബർഗ് രാജ്യാന്തര ശില്പശാല ഉദ്ഘാടനം ചെയ്തു. സംസ്‌കൃത സാഹിത്യവിഭാഗം അധ്യക്ഷ ഡോ. അംബിക കെ.ആർ. സ്വാഗതവും ഡോ.കെ.വി. അജിത്കുമാർ കൃതജ്ഞതയും പറഞ്ഞു. കാലടി സംസ്‌കൃതസർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.ധർമരാജ് അടാട്ട് രചിച്ച 'ഇന്ത്യൻ സംസ്‌കാരത്തിന്റെ ബഹുസ്വരത' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.

സാഹിത്യകൃതികളെ ചരിത്രാവബോധത്തോടെ സമീപിക്കുന്നവരാണ് ചരിത്രകാരന്മാരെന്നും സാഹിത്യാസ്വാദകർക്ക് കണ്ടെത്താനാകാത്ത വസ്തുതകൾ അവർ കണ്ടെത്തുമെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡോ.കേശവൻ വെളുത്താട്ട് പറഞ്ഞു. ഇതിഹാസവും കാവ്യവും വ്യത്യാസപ്പെടുന്നത് എങ്ങനെയാണെന്ന് മനസിലാക്കാൻ ചരിത്രാവബോധത്തോടെയുള്ള വായന സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ വിജ്ഞാനശാഖകളെ ഗൗരവത്തോടെ കാണുന്നതും പഠിക്കുന്നതും വിദേശികളാണെന്ന് ചടങ്ങിൽ സംസാരിച്ച ഡോ.സി.എം. നീലകണ്ഠൻ ഓർമിപ്പിച്ചു. എല്ലാ മേഖലകളിലും ആധുനിക കാഴ്‌ച്ചപ്പാടുകളിലുള്ള പുതിയ വ്യാഖ്യാനങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊറിയോഗ്രാഫറും പെർഫോമിങ് ആർട്ടിസ്റ്റുമായ ജിയോവന്ന സമ്മോ, ഡോ.നിർമല കുൽക്കർണി (പൂണെ യൂണിവേഴ്‌സിറ്റി), ഡോ.കെപി ശ്രീദേവി, ഡോ.കെ.കെ.ഗീതാകുമാരി, ഡോ.ജസ്റ്റിൻ ജോർജ് തുടങ്ങിയവർ ശില്പശാലയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രശസ്ത സംസ്‌കൃതപണ്ഡിതനായിരുന്ന പണ്ഡിറ്റ് സുബ്ബരാമ പട്ടരുടെ ആശയങ്ങളുടെ പ്രചാരണത്തിനായാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഇൻഡോളജി മേഖലയിൽ നടക്കുന്ന പുതിയ ഗവേഷണങ്ങളും ചർച്ചകളും സമഗ്രമായി വിശകലനം ചെയ്യുന്നതിനുള്ള അവസരമാണ് ഈ ശില്പശാല വഴി ലക്ഷ്യമിടുന്നത്.

വരും ദിവസങ്ങളിൽ അന്തരാഷ്ട്രഅക്കാദമിക് വിദഗ്ധരും കലാകാരന്മാരും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്യും. മാർഗി മധു, ഡോ.ആർഎൽവി രാമകൃഷ്ണൻ തുടങ്ങിയവരും ശിൽപ്പശാലയിൽ പങ്കെടുക്കും. വൈകിട്ട് അഞ്ച് മുൽ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാ-സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.

 

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ജൻഡർ ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്‌സിറ്റി

പോളിസി 2023 സമർപ്പിച്ചു

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ദാഷായണി വേലായുധൻ സെന്റർ ഫോർ വിമൻ സ്റ്റഡീസിന്റെയും ഇന്റേണൽ കംപ്ലയിന്റ്‌സ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുള്ള യൂട്ടിലിറ്റി സെന്ററിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാചരണം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഉദ്ഘാടനം ചെയ്തു. ഡോ. അക്കയ് പത്മശാലി മുഖ്യപ്രഭാഷണം നടത്തി. സർവ്വകലാശാലയുടെ ജെൻഡർ ഇവാലുവേഷൻ ആൻഡ് മോണിട്ടറിങ് കമ്മിറ്റി തയ്യാറാക്കിയ 'ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ജൻഡർ ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്‌സിറ്റി പോളിസി 2023' വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണന് സമർപ്പിച്ചു. ദാക്ഷായണി വേലായുധൻ സെന്റർ ഫോർ വിമൻ സ്റ്റഡീസ് കോ-ഓർഡിനേറ്റർ പ്രൊഫ. കെ. എം. ഷീബ അധ്യക്ഷയായിരുന്നു. ആദി, അനഘ്, ഡോ. സൂസൻ തോമസ്, ഡോ. രേഷ്മ ഭരദ്വാജ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ദാഷായണി വേലായുധൻ സെന്റർ ഫോർ വിമൻ സ്റ്റഡീസിന്റെയും ഇന്റേണൽ കംപ്ലയിന്റ്‌സ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സർവ്വകലാശാലയുടെ ജെൻഡർ ഇവാലുവേഷൻ ആൻഡ് മോണിട്ടറിങ് കമ്മിറ്റി തയ്യാറാക്കിയ 'ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ജൻഡർ ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്‌സിറ്റി പോളിസി 2023' വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണന് സമർപ്പിക്കുന്നു. ഡോ. അക്കയ് പത്മശാലി, പ്രൊഫ. കെ. എം. ഷീബ എന്നിവർ സമീപം.