- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവിഷ്‌കാര സ്വാതന്ത്ര്യം ആരെയും അവഹേളിക്കാനുള്ള ലൈസൻസല്ല: അഡ്വ.വി സി.സെബാസ്റ്റ്യൻ
കൊച്ചി: ജനാധിപത്യ സംവിധാനത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യക്തികളേയും സമൂഹങ്ങളേയും അവഹേളിക്കാനും ആക്ഷേപിക്കാനുമുള്ള ലൈസൻസായി ആരും കാണരുതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.
ക്രൈസ്തവ വിശ്വാസമൂല്യങ്ങളെയും സഭാസംവിധാനങ്ങളെയും വൈദിക സന്യസ്ത സമൂഹങ്ങളേയും പൊതുസമൂഹത്തിൽ അപഹാസ്യരായി ചിത്രീകരിച്ചുള്ള ക്രൈസ്തവ വിരുദ്ധ ശക്തികളുടെ അഴിഞ്ഞാട്ടം കേരളത്തിലിന്ന് പതിവായിരിക്കുന്നു. വ്യക്തികളുടെ ആത്മാഭിമാനത്തെപ്പോലും ചവിട്ടിയരയ്ക്കുന്ന ഇത്തരം ദേശവിരുദ്ധ ശക്തികൾക്ക് സർക്കാർ സംവിധാനങ്ങൾ കുടപിടിക്കുന്നത് ധിക്കാരവും എതിർക്കപ്പെടേണ്ടതും ശിക്ഷാനടപടികൾക്ക് വിധേയമാകേണ്ടതുമാണ്.
വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ തലങ്ങളിൽ സമർപ്പണജീവിതം നയിച്ച് അനേകായിരങ്ങളുടെ കണ്ണീരൊപ്പി നന്മകൾ വർഷിക്കുന്ന കത്തോലിക്കാസഭയിലെ സന്യസ്തസമൂഹത്തെ വികലമായി ചിത്രീകരിച്ച് ഉന്മൂലനം ചെയ്യാമെന്ന് സ്വപ്നം കാണുന്നവർ പമ്പരവിഢികളാണ്. പതിറ്റാണ്ടുകളായി ആഗോളതലത്തിൽ അക്രമവും അധിനിവേശവും അധിക്ഷേപവും ഏറ്റുവാങ്ങിയിട്ടും ലോകം മുഴുവൻ നിറസാന്നിധ്യമായി ക്രൈസ്തവ സമൂഹം വളർച്ച പ്രാപിച്ചിരിക്കുന്നതിന്റെ പിന്നിൽ ഈ സന്യസ്ത സമൂഹത്തിന്റെ ആത്മസമർപ്പണവും പിൻബലവും ത്യാഗജീവിതവുമുണ്ടെന്നുള്ളത് ലോകം തിരിച്ചറിഞ്ഞതാണ്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ ദേശവിരുദ്ധ തീവ്രവാദശക്തികൾ അഴിച്ചുവിടുന്ന അക്രമങ്ങളും അടിച്ചമർത്തലുകളും തുടരുമ്പോൾ കേരളത്തിൽ ക്രൈസ്തവരെ ആക്ഷേപിക്കാനും അവഹേളിക്കാനും സഭാസംവിധാനങ്ങളിലേയ്ക്കും ക്രിസ്തീയ കുടുംബങ്ങളിലേയ്ക്കും നുഴഞ്ഞുകയറി ശിഥിലമാക്കാനും ക്രൈസ്തവ വിരുദ്ധർ നടത്തുന്ന കുത്സിതശ്രമങ്ങളുടെ തുടർച്ചയാണ് സന്യസ്തർക്കെതിരെയുള്ള ആവിഷ്‌കാര ആക്ഷേപങ്ങൾ.
സ്നേഹത്തിന്റെ ഭാഷ സംസാരിച്ച് സേവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് സഹനത്തിലും ആത്മസമർപ്പണത്തിലും ജീവിച്ച് ക്രിസ്തുവിനു സാക്ഷ്യമേകുന്നവരും സമാധാനം കാംക്ഷിക്കുന്നവരുമായ സന്യസ്തരുടെ നിശബ്ദപ്രതികരണങ്ങൾ നിഷ്‌ക്രിയത്വമല്ല. ഭാരത പൗരന്മാരെന്ന നിലയിൽ ഭരണഘടന ഉറപ്പാക്കുന്ന എല്ലാ പൗരാവകാശങ്ങളും സ്ത്രീയെന്ന പരിഗണനയും ഇന്ത്യയിലെ സന്യസ്തർക്കും അവകാശപ്പെട്ടതാണ്. സമൂഹത്തിൽ വ്യാപകമാകുന്നതും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതുമായ ആക്ഷേപ ആവിഷ്‌കാരങ്ങൾക്കും അവഹേളന ദുഷ്ചിന്തകൾക്കുമെതിരെ പൊതുമനഃസാക്ഷി ഉണർന്നുപ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
ഷെവലിയർ അഡ്വ. വി സി.സെബാസ്റ്റ്യൻ