- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ വിഭാഗീയതകൾക്കും അതീതമായ മാനവികതയാവണം നമ്മുടെ കാഴ്ചപ്പാട്: തത്ത്വമയാനന്ദ
വേദാന്ത ദർശനം ഉയർത്തി പിടിക്കുന്നത് എല്ലാ വിഭാഗീയതകൾക്കും അതീതമായ മാനവികതയാണെന്നും അത്തരം കാഴ്ചപ്പാടാണ് പുതുതലമുറയ്ക്കുണ്ടാകേണ്ടത് നോർത്തേൺ കാലിഫോർണിയ, സാൻഫ്രാൻസിസ്‌ക്കോയിലെ വേദാന്ത സോസൈറ്റിയുടെ മിനിസ്റ്റർ ഇൻ ചാർജുമായ സ്വാമി തത്ത്വമയാനന്ദ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സ്വാമി വിവേകാനന്ദ ചെയറും വേദാന്ത വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്പശാലയിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു, അദ്ദേഹം.
എല്ലാ ദർശനങ്ങളും പരസ്പര പൂരകങ്ങളായി നിലകൊള്ളുന്നവയാണെന്നും ഒരു ദർശനത്തെ നന്നായി മനസിലാക്കാൻ മറ്റുള്ളവയുടെ സാമാന്യജ്ഞാനം അനിവാര്യമാണ്. അത്തരത്തിൽ എല്ലാത്തിനേയും ഉൾക്കൊള്ളാനുള്ള സഹിഷ്ണുതയാണ് ജനമനസുകളിൽ ഉണ്ടാകേണ്ടത്. അതിന് ഏറ്റവും സഹായകമായ ദർശനം വേദാന്തദർശനമാണ്. ഇന്ത്യ കേവലം ആത്മീയതയുടെയും യാജ്ഞികതയുടെയും മാത്രം ശ്രദ്ധാകേന്ദ്രമല്ല. അതിനു മഹത്തായ ഒരു വൈജ്ഞാനിക പാരമ്പര്യമുണ്ട്. അതു കാത്തുസൂക്ഷിക്കുവാൻ വൈജ്ഞാനിക മേഖലകളെ വിശാലമായ കാഴ്ചപ്പാടോടെ മനസ്സിലാക്കേണ്ടതുണ്ട്, സ്വാമി തത്ത്വമയാനന്ദ പറഞ്ഞു.
പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ ഉപഹാരം വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ സമർപ്പിച്ചു. സ്വാമി വിവേകാനന്ദ ചെയർ പ്രൊഫസർ ഡോ. വി. വസന്തകുമാരി, വേദാന്ത വിഭാഗം പ്രൊഫസർ ഡോ. എസ്. ഷീബ എന്നിവർ സംസാരിച്ചു.
അടിക്കുറിപ്പ്ഃ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സ്വാമി വിവേകാനന്ദ ചെയറും വേദാന്ത വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്പശാലയിൽ നോർത്തേൺ കാലിഫോർണിയ, സാൻഫ്രാൻസിസ്‌ക്കോയിലെ വേദാന്ത സോസൈറ്റിയുടെ മിനിസ്റ്റർ ഇൻ ചാർജ് സ്വാമി തത്ത്വമയാനന്ദ മുഖ്യപ്രഭാഷണം നിർവ്വഹിക്കുന്നു.
2) സംസ്‌കൃത സർവ്വകലാശാലയിൽ ശില്പശാല 15ന്
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ ഓഫ് ഇന്ത്യൻ ജൂറിസ്പ്രൂഡൻസ്, സംസ്‌കൃതം ന്യായ വിഭാഗം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു. മാർച്ച് 15ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ശില്പശാല ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. 'ജനാധിപത്യ സംരക്ഷണത്തിൽ നിയമവ്യവസ്ഥയുടെയും മാധ്യമങ്ങളുടെയും പങ്ക്' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശില്പശാലയിൽ അഡ്വ. എം. പി. അശോക് കുമാർ, വെങ്കിടേഷ് രാമകൃഷ്ണൻ, അഡ്വ. പാർവ്വതി മേനോൻ, പ്രൊഫ. പി. വി. നാരായണൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഡോ. യു. സി. ബിനീഷ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പി. ആന്റണി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. വി. കെ. ഭവാനി എന്നിവർ പ്രസംഗിക്കും.