കോഴിക്കോട്: നിയമസഭയെ സംഘർഷഭരിതമാക്കിയും പരസ്പരം കൈയാങ്കളിയിലൂടെയും ഇടതു- വലതു മുന്നണികൾ ജനാധിപത്യത്തിന്റെ അന്തസത്തയെ കളങ്കപ്പെടുത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. നിയമസഭയിലുണ്ടായ സംഘർഷത്തിൽ വനിതാ എംഎൽഎ മാർക്കും വാച്ച് ആൻഡ് വാർഡുമാർക്കും പരിക്കേറ്റ സംഭവം നാണക്കേടാണ്. നിയമസഭയിൽ പോലും സ്ത്രീ സുരക്ഷ ഉറപ്പാക്കാനാവാത്ത സർക്കാർ സംസ്ഥാനത്ത് എങ്ങിനെ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ കുറേ നാളുകളായി നിയമസഭയിൽ പോർവിളികൾ മാത്രമാണ് നടക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദമായതോ വികസനപരമോ ആ ചർച്ചകളൊന്നുമല്ല അവിടെ നടക്കുന്നത്. ഭരണകക്ഷി എംഎൽഎമാരുടെ ധാർഷ്ട്യമാണ് സഭയെ പ്രക്ഷുബ്ധമാക്കുന്നത്. സ്പീക്കർ തന്റെ സ്ഥാനം മറന്നാണ് പ്രതികരിക്കുന്നത്. സ്പീക്കറുടെ പരാമർശം അതിര് വിട്ടതാണ്.

ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണം വെറും പ്രഹസനമായി മാറരുത്. ക്രൈംബ്രാഞ്ചിന്റെയും പൊലീസ് സ്‌പെഷ്യൽ ടീമിന്റെയും നേതൃത്വത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം. സാങ്കേതിക വിദഗ്ധരുടെ സംഘം അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സാങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നത് രാഷ്ട്രീയ പശ്ചാത്തലം മാത്രം നോക്കിയാവരുത്. മാലിന്യ വിഷയത്തിൽ കാര്യക്ഷമവും സത്വരവുമായ ഇടപെടൽ നടത്തിയില്ലെങ്കിൽ കോഴിക്കോട് ഞെളിയൻപറമ്പിലുൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി അബ്ദുൽ ഹമീദ്, തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ റോയ് അറയ്ക്കൽ, അജ്മൽ ഇസ്മായീൽ, പി പി റഫീഖ്, സെക്രട്ടറിമാരായ കെ കെ അബ്ദുൽ ജബ്ബാർ, പി ആർ സിയാദ്, ട്രഷറർ അഡ്വ. എ കെ സ്വലാഹുദ്ദീൻ, അഷ്‌റഫ് പ്രാവച്ചമ്പലം, അൻസാരി ഏനാത്ത് സംസാരിച്ചു.