പാലാ: പൊലീസിൽ അറിയിച്ചിട്ടും നടപടി ഇല്ലാതെ വന്നപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തിന്റെ ഉടമയെ കണ്ടെത്തി കൈമാറി.

പാലാ നഗരസഭാ കൊച്ചിടപ്പാടി എട്ടാം വാർഡ് കൗൺസിലർ സിജി ടോണിയാണ് ഉടമ വാഴൂർ തൂങ്കുഴിയിൽ ജസ്റ്റിൻ ടി കുരുവിളയ്ക്ക് വാഹനം കൈമാറിയത്. ബൈക്ക് മോഷണം പോയത് സംബന്ധിച്ച് പൊൻകുന്നം പൊലീസിൽ പരാതി നൽകിയിരുന്നതിനാൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ എസ് നിഷാന്ത്, മാണി സി കാപ്പൻ എം എൽ എ യുടെ പ്രസ് സെക്രട്ടറി എബി ജെ ജോസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സിജി ടോണി ഉടമയ്ക്ക് ബൈക്ക് കൈമാറിയത്.

ബൈക്ക് മോഷണം പോയത് സംബന്ധിച്ച് കേസെടുക്കാത്ത സാഹചര്യത്തിൽ മറ്റു നടപടി ക്രമങ്ങൾ ഇല്ലാതെ തന്നെ ബൈക്ക് ഉടമയ്ക്ക് തിരിച്ചു കിട്ടി.

ഈ മാസം 3ന് രാത്രി പൊൻകുന്നത്ത് പാഴ്‌സൽ വാങ്ങാൻ ഉടമ കടയിൽ കയറിയ സമയത്താണ് ബൈക്ക് മോഷ്ടിക്കപ്പെട്ടത്. ഇതേത്തുടർന്ന് പൊൻകുന്നം പൊലീസിൽ ഉടമ പരാതിയും നൽകി.

പൂഞ്ഞാർ - ഏറ്റുമാനൂർ ഹൈവേയിൽ മൂന്നാനി ഭാഗത്ത് നഗരസഭാ കൗൺസിലർ സിജി ടോണിയുടെ വീടിന്റെ എതിർവശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ KL33 K5434 ഹീറോ ഗ്ലാമർ ബൈക്ക് കണ്ടെത്തിയത്. രണ്ടു ദിവസമായി അതേ നിലയിൽ ബൈക്ക് തുടരുന്നത് ശ്രദ്ധിച്ച സിജി പാലാ പൊലീസിൽ പലതവണ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടാകാതെ വന്നു. പത്തു ദിവസം പിന്നിട്ടപ്പോൾ വിവരം മാണി സി കാപ്പൻ എം എൽ എ യുടെ പ്രസ് സെക്രട്ടറി എബി ജെ ജോസിനെ വിവരമറിയിച്ചു. എബി ഉടൻ തന്നെ ഉടമയുടെ ഫോൺ നമ്പരും വിലാസവും കണ്ടെത്തി നൽകി. തുടർന്നു സിജി ഇദ്ദേഹത്തെ വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയതാണെന്ന് അറിയുന്നത്. തുടർന്നാണ് ഉടമ ജസ്റ്റിൻ ഇന്നലെ പൊലീസ് ഉദ്യോഗസ്ഥരുമായി എത്തി ബൈക്ക് ഏറ്റുവാങ്ങിയത്.

ഗ്രാമങ്ങളുടെ വികസനം മുഖ്യ ലക്ഷ്യം: മാണി സി കാപ്പൻ

തലനാട്: തീക്കോയി - തലനാട് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ.

6.90 കോടി രൂപ മുടക്കി 5 കിലോമീറ്റർ ദൂരമാണ് അന്താരാഷ്ട്രാനിലവാരത്തിൽ ബി എം ബി സി ചെയ്തു നവീകരിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം എൽ എ പറഞ്ഞു. പാലായിലെ ഗ്രാമങ്ങളുടെ പുരോഗതി മുഖ്യ ലക്ഷ്യമാണ്. വികസന പ്രവർത്തനങ്ങൾ നഗര കേന്ദ്രീകൃതമാകാതെ എല്ലായിടത്തും എത്തിക്കും. വികസനത്തിൽ രാഷ്ട്രീയം ഇല്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി, എ ജെ സെബാസ്റ്റ്യൻ അങ്ങാടിക്കൽ, രോഹിണിഭായ് ഉണ്ണികൃഷ്ണൻ, ബിന്ദു, ദിലീപ്, റോബിൻ, താഹ തലനാട് എന്നിവരും എം എൽ എ യ്ക്ക് ഒപ്പം ഉണ്ടായിരുന്നു.