കോട്ടയം : പ്രചോദനാത്മക എഴുത്തുകാരനും, മോട്ടിവേഷണൽ സ്പീക്കറും, നാല്പത്തിയഞ്ചോളം പുസ്തകങ്ങളുടെ രചയിതാവുമായ ജോബിൻ എസ്. കൊട്ടാരത്തിന് കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും സ്ട്രാറ്റജിക് ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് ലഭിച്ചു.

ഫുൾ ബ്രൈറ്റ് ഫെല്ലോയും, കോയമ്പത്തൂർ ജി.ആർ.ഡി. കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറുമായ ഡോ. കെ.കെ.രാമചന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.കേരളാ ഐ.ടി. ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററും, കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി അംഗവുമായ ജോബിൻ എസ്. കൊട്ടാരം ചങ്ങനാശേരി സ്വദേശിയാണ്. ഭാര്യ ക്രിസ്റ്റി. മക്കൾ എയ്ഡൻ, നോഹ.

ചങ്ങനാശേരി എസ്.ബി. കോളജിൽ നിന്നും എം.ബി.എ. പഠനം പൂർത്തിയാക്കിയ ജോബിൻ സ്ട്രാറ്റജിക് മാനേജ്മെന്റിൽ എം.ഫിലും നേടിയിട്ടുണ്ട്. ഒപ്പം സൈക്കോളജിയിലും, മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും, ജേർണലിസത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയും കരസ്ഥമാക്കി.നിലവിൽ അബ്സൊല്യൂട്ട് ഐ.എ.എസ്. അക്കാദമിയുടെ ചെയർമാനാണ്.

കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്, കെ.എസ്.സി. സംസ്ഥാന വൈസ് പ്രസിഡന്റ്, മാക്ട അംഗം, അഖില കേരള ബാലജനസഖ്യം യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ശാന്തിനികേതൻ കേരള ഫോറം എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന ഡയറക്ടറാണ്.ഭിന്നശേഷിക്കാരായ നൂറോളം വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവ്വീസ് പരിശീലനം നൽകുന്ന 'ചിത്രശലഭം' പദ്ധതി നടപ്പിലാക്കി.

മികച്ച ഹ്യൂമൻ റിസോഴ്സസ് ട്രെയ്നർക്കുള്ള ചാംപ്യൻ അവാർഡ്, കേരളത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണൽ സ്പീക്കർക്കുള്ള സക്സസ് കേരളാ അവാർഡ്, മികച്ച ഗ്രന്ഥ രചനയ്ക്കുള്ള ഭാഷാ സാഹിത്യ പുരസ്‌ക്കാരം, അക്ഷരം അവാർഡ്, മലയാള പുരസ്‌ക്കാരം, മുട്ടത്ത് വർക്കി പുരസ്‌ക്കാരം, കലാഭവൻ മണി മെമോറിയൽ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
സിംഗപ്പൂർ കേന്ദ്രമാക്കിയുള്ള ഗോ ഗ്ലോബൽ ബിസിനസ് സ്‌കൂൾ ഏഷ്യയെ സ്വാധീനിച്ച 100 വിദ്യാഭ്യാസ വിദഗ്ധരിൽ ഒരാളായി ജോബിൻ എസ്. കൊട്ടാരത്തെ തെരഞ്ഞെടുത്തിരുന്നു.