കൊച്ചി: കാർഷികമേഖല നിരന്തരം നേരിടുന്ന അവഗണനയ്ക്കെതിരെ ക്രൈസ്തവ സഭാദ്ധ്യക്ഷന്മാർ ശക്തമായി പ്രതികരിക്കുമ്പോൾ രാഷ്ട്രീയ നേതൃത്വങ്ങൾ വർഗ്ഗീയവിഷം ചീറ്റി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഓടിയൊളിക്കുന്നത് പാപ്പരത്തമാണെന്നും റബറിന് 300 രൂപ വില ലഭിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ആർച്ച്ബിഷപ് മാർ ജോസഫ് പാംബ്ലാനി പങ്കുവെച്ചത് കർഷകസമൂഹമിന്ന് നേരിടുന്ന കഷ്ടപ്പാടിന്റെയും നഷ്ടപ്പെടലിന്റെയും രോദനവും വേദനയുമാണ്. അതിനെ വർഗ്ഗീയവും സാമുദായികവുമായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നത് മത രാഷ്ട്രീയ വിദ്വേഷികളാണ്. കാർഷിക പ്രതിസന്ധികൾക്ക് മതവും ജാതിയും വർഗ്ഗവുമില്ല. കാർഷികവിലത്തകർച്ചയും, വന്യമൃഗ അക്രമങ്ങളും, ബഫർസോൺ, പരിസ്ഥിതിലോലം, പട്ടയം തുടങ്ങി ഭൂപ്രശ്നങ്ങളും ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. ജനങ്ങളുടെ ജീവനും ജീവിതത്തിനും വെല്ലുവിളിയുയർത്തി ഒരു സമൂഹമൊന്നാകെ കാലങ്ങളായി നേരിടുന്ന പ്രശ്നമാണ് ഉയർത്തപ്പെട്ടത്. രാജ്യവും സംസ്ഥാനവും ഭരിക്കുന്നവരോട് ഇക്കാര്യം പൊതുസമൂഹത്തിൽവെച്ച് സധൈര്യം തുറന്നുപറയുന്നതും വേദനിക്കുന്ന കർഷകസമൂഹത്തെ ചേർത്തുനിർത്തി അവരുടെ നിലനില്പിനായി ശബ്ദമുയർത്തുന്നതും കർഷകജനതയ്ക്ക് പ്രതീക്ഷയേകും.

കർഷകരെ വേണ്ട, അവർ വോട്ടുചെയ്യുന്ന ഉപകരണവും അടിമകളുമായി ജീവിച്ചാൽ മതിയെന്ന രാഷ്ട്രീയകുതന്ത്രം ഇനിയും വിലപ്പോവില്ല. രാഷ്ട്രീയ അടിമത്വത്തിന്റെയും വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെയും കാലം കഴിഞ്ഞു. സംഘടിത നിലപാടുകളിലേയ്ക്ക് സംഘടിച്ചുനീങ്ങുന്നില്ലെങ്കിൽ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് കർഷകർ അനുഭവങ്ങളിലൂടെ തിരിച്ചറിയുവാൻ തുടങ്ങിയിരിക്കുന്നത് മാറ്റത്തിന്റെ സൂചനയാണ്. ക്രൈസ്തവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തീവ്രവാദ അക്രമങ്ങളെയും കേരള കർഷകസമൂഹം നേരിടുന്ന കാർഷികത്തകർച്ചയേയും പരസ്പരം പൂരകങ്ങളായി കോർത്തിണക്കി ആക്ഷേപിക്കുവാൻ ശ്രമിക്കുന്നത് ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്.

ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ചവരുടെ കർഷകവിരുദ്ധ സമീപനം കർഷകർ മറന്നിട്ടില്ല. ലോകവ്യാപാരക്കരാറിലും ആസിയാൻ കരാറിലും റബർകർഷകനെ തീറെഴുതിക്കൊടുത്തവരാരെന്നും റബറിന് 250 രൂപ പ്രകടനപത്രികയിൽ പ്രഖ്യാപിച്ചവരാരെന്നും റബർകർഷകർക്കറിയാം. തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾക്ക് തലേദിവസമിറക്കുന്ന വാഗ്ദാനങ്ങളിൽ വീഴാന്മാത്രം മണ്ടന്മാരല്ല സാക്ഷരകേരളത്തിലെ കർഷകസമൂഹം. പ്രകടനപത്രികകൾ രാഷ്ട്രീയ നാടകങ്ങൾക്കപ്പുറം മുഖവിലയ്ക്കെടുക്കാനാവില്ലെന്നും കർഷകർ തിരിച്ചറിയുന്നു.

കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് 6 മാസം കഴിഞ്ഞിട്ടും പണം നൽകാതെ ഭൂമി പണയപ്പെടുത്തി കേരളബാങ്കിൽനിന്ന്, വിറ്റനെല്ലിന് കിട്ടാനുള്ള പണം ലോണെടുക്കുന്ന ഗതികേടിലേയ്ക്ക് നെൽകർഷകരെ തള്ളിവിട്ടവർ ഡൽഹിയിൽ പോയി കർഷകരക്ഷയ്ക്കായി സമരം ചെയ്യുന്നത് വിരോധാഭാസമാണ്. വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലും ജനവാസമേഖലകളിലുമിറങ്ങി മനുഷ്യനെ കടിച്ചുകീറുമ്പോൾ എത്രനാൾ നിശബ്ദരായിട്ടിരിക്കാനാവും. രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ അവഗണനയിൽ നിരന്തരം കബളിപ്പിക്കപ്പെടുന്ന കർഷകരുടെ സംഘടിത ശബ്ദം ഇനിയും ഉയരുമെന്നും ജീവനും ജീവിതത്തിനും വെല്ലുവിളിയുയരുമ്പോൾ ശക്തമായ ഇടപെടൽ നടത്തുന്നതിനെ അധികാരകേന്ദ്രങ്ങൾ ആക്ഷേപിക്കാൻ തുനിഞ്ഞാൽ ഭാവിയിൽ വലിയവില നൽകേണ്ടിവരുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.