കൊച്ചി: അന്താരാഷ്ട്ര ഓട്ടിസം ദിനത്തോടനുബന്ധിച്ച് 'പ്രേരണ' നൃത്താവിഷ്‌കാരവും, സംഗീത വിരുന്നും, ശിൽപശാലയും സംഘടിപ്പിക്കും. പ്രശസ്ത ഒഡീസ്സി നർത്തകിയും ഭിന്നശേഷിക്കാരായ കുട്ടികളുടെ ആർട്ട് തെറാപ്പി-യോഗ പരിശീലകയുമായ സന്ധ്യാ മനോജിന്റെ നേതൃത്വത്തിലാണ് പ്രേരണ എന്ന നൃത്താവിഷ്‌ക്കാരവും, ഓട്ടിസബാധിതരായ കുട്ടികളുടെ രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുള്ള എൻ റിച്ച് 23 ശിൽപ്പശാലയും, ലെറ്റസ് സിങ് കളേഴ്സ് എന്ന സംഗീത വിരുന്ന് തുടങ്ങിയ പരിപാടികൾ നടക്കുക. ഏപ്രിൽ രണ്ട് ഞായറാഴ്ച എറണാകുളം ഫൈൻ ആർട്സ് ഹാളിൽ വൈകുന്നേരം 5.30 മുതൽ 9 വരെയാണ് പരിപാടി. കൊച്ചിയിലെ പരിപാടിക്ക് പുറമേ ഏപ്രിൽ മധ്യത്തോടെ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്ട് സെന്റർ വേദിയിലും പരിപാടികൾ അരങ്ങേറും.

പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ, അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന നർത്തകരുടെ സംഘടനയായ ഐഡ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ സാമൂഹ്യ സേവന രംഗത്ത് മുദ്ര പതിപ്പിച്ച സംഘടനകളായ ആദർശ് ചാരിറ്റബിൾ ട്രസ്റ്റ്, ചാവറ കൾച്ചറൾ സെന്റർ, ലോറം സി എസ് ആർ ഡിവിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കൊച്ചിയിൽ ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി അവബോധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഒഡീസിയുടെയും ഭരതനാട്യത്തിന്റെയും സങ്കലനാവിഷ്‌ക്കാരമായി അവതരിപ്പിക്കുന്ന പ്രേരണയുടെ ആശയാവിഷ്‌കാരവും കോറിയോഗ്രാഫിയും നിർവ്വഹിച്ചിരിക്കുന്നത് സന്ധ്യാ മനോജാണ്. സംഗീത സംവിധാനം അച്യുതൻ ശശിധരൻ നായരും, ഗാനരചന സുധയും നിർവ്വഹിച്ചു. മലേഷ്യ, മുംബൈ എന്നിവടങ്ങളിൽ നിന്നുള്ള അച്യുതൻ ശശിധരൻ നായർ (കർണ്ണാട്ടിക് വയലിനിസ്റ്റ്), മുത്തുരാമൻ (മൃദംഗം), രോഹൻ സുരേഷ് ദാഹലെ (ഒഡീസ്സി മർദല), ബിജീഷ് കൃഷ്ണ (വോക്കൽ) എന്നീ അതുല്യ വാദ്യകലാകരന്മാർ അണിചേരുന്നു.

യഥാർഥ ജീവിതത്തിൽ നിന്നുള്ള പ്രചോദനത്താൽ രൂപം കൊണ്ട പ്രേരണ എന്ന നൃത്താവിഷ്‌ക്കാരം, ഓട്ടിസ ബാധിതയായ തന്റെ മകളുമൊത്തുള്ള ഒരമ്മയുടെ ജീവിതയാത്രയാണ് രംഗവേദിയിൽ ഇതൾ വിരിയുന്നത്. അമ്മയുടെ വേഷം ഒഡീസ്സി നൃത്തരൂപത്തിൽ അവതരിപ്പിക്കുന്ന സന്ധ്യക്കൊപ്പം ഭരതനാട്യ ചുവടുകളുമായി എത്തുന്ന മലേഷ്യൻ നർത്തകിയായ കൃതിക രാമചന്ദ്രൻ ഓട്ടിസ ബാധിതയായ കുട്ടിയുടെ രംഗാവിഷ്‌ക്കാരം നിർവ്വഹിക്കുന്നു.

എൻ റിച്ച് 23 എന്ന ഭിന്നശേഷിക്കാരായ വിശിഷ്യ ഓട്ടിസബാധിതരായ കുട്ടികളുടെ രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഒരു ശിൽപ്പശാലയാണ്. ഡോ.സീമ ഗിരിജ ലാൽ, ഡോ. കെ നരേഷ് ബാബു, വർഷ ശരത്, സൂസന്ന സിജോ എന്നിവരാണ് ശിൽപ്പശാല നയിക്കുന്നത്. ലെറ്റസ് സിങ് കളേഴ്സ് എന്ന സംഗീത വിരുന്നിൽ റേഡിയോ അവതാരകനും ഗായകനുമായ ടി പി വിവേകിനും യുവ ഗായിക ശ്രുതി സജിക്കുമൊപ്പം എത്തുന്നത് ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാലയമായ ആദർശ് സ്‌കൂളിലെ പ്രതിഭകളാണ്.

എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ സനു സത്യൻ, ഡോ. കെ നരേഷ് ബാബു, ലോറം സി എസ് ആർ വിഭാഗം കോർഡിനേറ്റർ ബോണി ജോൺ, ഒഡീസ്സി നർത്തകിയും ഭിന്ന ശേഷിക്കരായ കുട്ടികളുടെ ആർട്ട് തെറാപ്പിസ്റ്റും യോഗ പരിശീലകയും ഐഡയുടെ ഡയറക്ടറുമായ സന്ധ്യാ മനോജ്, പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ കോർഡിനേറ്റർ ടി പി വിവേക് എന്നിവർ പങ്കെടുത്തു.
വിശദ വിവരങ്ങൾക്ക്-സനു സത്യൻ 8137033177.