- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി സി കാപ്പന്റെ നിവേദനം;സന്ന്യസ്ഥർക്കു സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാൻ സർക്കാർ ഉത്തരവ്
പാലാ: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാതെയുള്ള ഭവനങ്ങളിൽ താമസിക്കുന്ന സന്ന്യസ്ഥർക്കു സാമൂഹ്യ സുരക്ഷാ പെൻഷൻ നിബന്ധനകൾക്കു വിധേയമായി സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. മാണി സി കാപ്പൻ എം എൽ എ നൽകിയ നിവേദനം പരിഗണിച്ചാണ് സർക്കാർ നടപടി. സന്ന്യസ്ഥർ, പുരോഹിതർ, വൈദികർ തുടങ്ങി നിരവധി ആളുകൾക്കു ഇതിന്റെ പ്രയോജനം ലഭിക്കും. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കാത്തതും മറ്റു മാനദണ്ഡങ്ങൾ പാലിക്കുന്നവരുമായിട്ടുള്ളവർക്കാണ് അർഹത എന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
സന്ന്യസ്ഥർക്കു റേഷൻ അനുവദിക്കണമെന്ന മാണി സി കാപ്പന്റെ നിർദ്ദേശം നേരത്തെ സർക്കാർ അംഗീകരിച്ചിരുന്നു. ഇതിന്റെ തുടർ നടപടി എന്ന നിലയിലാണ് സാമൂഹ്യ സുരക്ഷ പെൻഷൻ വിഷയം മാണി സി കാപ്പൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. സന്ന്യസ്ഥർ സമൂഹത്തിന്റെ ഭാഗമാണെന്നും ആയതിനാൽ അർഹമായ ആനുകൂല്യങ്ങൾ ഇവർക്ക് ലഭ്യമാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടിരുന്നു.
ജനസമൂഹത്തിന്റെ ജാഗ്രതയാണ് നീതിന്യായ വ്യവസ്ഥയുടെ കെട്ടുറപ്പ്: ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്
പാലാ: നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ പൊതു സമൂഹത്തിന്റെ നിതാന്ത ജാഗ്രത ആവശ്യമാണെന്ന് കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. പാലാ സെന്റ് തോമസ് കോളജ് ആലുംനി അസോസിയേഷൻ ഏർപ്പെടുത്തിയ ബിഷപ്പ് വയലിൽ അവാർഡ് ലഫ് ജനറൽ മൈക്കിൾ മാത്യൂസിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. 33333 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജുഡീഷ്യറിയുടെ തീർപ്പുകൾ നീതിയുടെയും സത്യത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ച ലോകായുക്തയുടെ വിധിന്യായത്തിൽ സ്ഥാനം നഷ്ടപ്പെട്ട വ്യക്തി തനിക്കു നേരെയും തന്റെ കുടുംബാംഗങ്ങൾക്കു നേരെയും ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചിട്ടും സാംസ്‌കാരിക നായകന്മാരും സാഹിത്യ നായകരും പൊതു പ്രവർത്തകരും നിശബ്ദത പുലർത്തിയത് അതീവ ദുഃഖകരമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകായുക്തയുടെ പേര് തന്നെ ജനമറിഞ്ഞത് ഈ അടുത്ത നാളുകളിലാണെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റ് ഡിജോ കാപ്പൻ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ ജെയിംസ് ജോൺ മംഗലത്ത്, ഡോ സാബു ഡി മാത്യു, ഡോ സോജൻ പുല്ലാട്ട്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഫാ പൗലോസ് കുന്നത്തേടം അവാർഡ് ഫാ തോമസ് ഓലിക്കലിന് റവ ഡോ ജോസഫ് തടത്തിൽ സമ്മാനിച്ചു. ലോക മാസ്റ്റേഴ്‌സ് നീന്തൽ മത്സരത്തിൽ മെഡൽ നേടിയ പ്രൊഫ കെ സി സെബാസ്റ്റ്യൻ, റ്റി ജെ തോമസ് തോപ്പിൽ, ഭാരോദ്വഹനത്തിൽ സമ്മാനം നേടിയ ഗോപാലകൃഷ്ണൻ പടിപ്പുരയ്ക്കൽ എന്നിവരെ ആദരിച്ചു.
സർവ്വൈശ്യര്യപൂജ നടത്തി
രാമപുരം: പാലവേലി ശ്രീവിരാട് വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചു നടന്ന സർവ്വൈശ്യര്യപൂജ മാണി സി കാപ്പൻ എം എൽ എ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ ആർ രാമൻകുട്ടി അധ്യക്ഷത വഹിച്ചു. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തേഷ്, പഞ്ചായത്തംഗം ജയ്‌മോൻ മൊയോരത്ത്, ടി എസ് ശ്രീധരൻ തയ്യിൽ, മോഹനൻ വി ആർ, ടി എൽ ശശി തട്ടുകുന്നേൽ, വി ജി ചന്ദ്രൻ, എം വി ദിവാകരൻ എന്നിവർ പ്രസംഗിച്ചു.
ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു
പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പൗരത്വം ദേശീയത എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. വിഷയവതരണം കോട്ടയം മഹാരാജാസ് കോളേജിലെ മലയാളം വിഭാഗം മുൻ മേധാവി ഡോ. എം ജി ബാബുജി നിർവഹിച്ചു. സർഗോത്സവ വിജിയികൾക്കുള്ള ട്രോഫി കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ് വിതരണം ചെയ്തു. വായനമത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ ജോസഫ് വിതരണം ചെയ്തു. മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസീസ്, വൈസ് പ്രസിഡന്റ് അഡ്വ സണ്ണി ഡേവിഡ്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ കെ ആർ പ്രഭാകരൻ പിള്ള, മോഹനൻ കെ ആർ., കെ ജെ ജോൺ, അനിൽകുമാർ ഡി എന്നിവർ പ്രസംഗിച്ചു.
കടനാട്ടിലെ കൈതയ്ക്കൽ പൂതക്കുഴി കുടിവെള്ള പദ്ധതിക്ക് സംസ്ഥാന പുരസ്‌കാരം
കടനാട്: സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ കുടിവെള്ള പദ്ധതിക്കുള്ള പുരസ്‌കാരം കടനാട് പഞ്ചായത്തിലെ കൈതയ്ക്കൽ പൂതക്കുഴി കുടിവെള്ള പദ്ധതിക്കു ലഭിച്ചു. തൃശൂർ സാഹിത്യ അക്കാദമിയിൽ വച്ച് നടന്ന സാമൂഹ്യ കുടിവെള്ള സമിതികളുടെ സംസ്ഥാന തല സംഗമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, ജയ്‌സി സണ്ണി, ജയ്‌സൺ പുത്തൻകണ്ടം, ജോണി അഴകൻപറമ്പിൽ, ടോമി അരീപ്പറമ്പിൽ എന്നിവർ ചേർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
പഞ്ചായത്തിലെ ആറു വാർഡുകളിലായി 800-ഓളം കുടുംബങ്ങൾക്ക് 24 മണിക്കൂറും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. 2019 ൽ ആരംഭിച്ച ജലനിധി സുസ്ഥിര പദ്ധതിയിൽ പെടുത്തി പഞ്ചായത്തിലെ 23 കുടിവെള്ള പദ്ധതികൾക്കായി ഇന്നേവരെ 3.5 കോടിയോളം രൂപ മുടക്കിയെങ്കിൽ 65 ലക്ഷം രൂപയാണ് ഈ കുടിവെള്ള പദ്ധതിക്ക് ചിലവൊഴിച്ചത്. കടനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജയസൺ പുത്തൻകണ്ടത്തിന്റെ നേതൃത്വത്തിലുള്ള മുൻ ഭരണ സമിതിയും ഉഷ രാജുവിന്റെ നേത്യത്വത്തിലുള്ള നിലവിലെ ഭരണ സമിതിയുടെയും കർമ്മനിരതരായ കമ്മറ്റിയംഗങ്ങളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ടാണ് നിലവിൽ ഈ സമിതിക്ക് ഇത്തരമൊരു പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ചത് എന്ന് സമിതി പ്രസിഡന്റ് ജോണി അഴകൻ പറമ്പിൽ, സെക്രട്ടറി ടോമി അരീപ്പറമ്പിൽ എന്നിവർ പറഞ്ഞു.