കൊച്ചി : (31.03.2023) കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ ടീ ബോർഡ് സംഘടിപ്പിച്ച ' ടീ ചാംപ്യൻഷിപ്പിൽ മികച്ച ചായ ഒരുക്കി ഹൈദരാബാദ് സ്വദേശിനി പ്രഭ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ കരസ്ഥമാക്കി. ഹൈദരാബാദിലെ നോവോടെലിലെ എച്ച്‌ഐസിസിയിൽ ഒരുക്കിയ ടീ ചാംപ്യൻഷിപ്പിന്റെ രണ്ടാം പതിപ്പിൽ 200 ലധികം വനിതകളാണ് പങ്കെടുത്തത്. രണ്ടാം സമ്മാനമായ 50,000 രൂപ പൊട്‌ലുരി മാധവി കരസ്ഥമാക്കിയപ്പോൾ മൂന്നാം സമ്മാനമായ 25,000 രൂപ സീതം രജു നാഗ കമല നേടി. മൽസരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ച് പേർ 10,000 രൂപ വീതം പ്രോൽസാഹന സമ്മാനവും നേടി.

കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡ്ഡി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചായ കുടിച്ചുകൊണ്ടാണ് നമ്മളിൽ പലരുടെയും ദിവസം ആരംഭിക്കുന്നതെന്നും നിത്യ ജീവിതത്തിൽ നേരിടുന്ന സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ചായ നല്ലൊരു ഉപാധിയാണെന്നും കേന്ദ്ര മന്ത്രി ജി.കിഷൻ റെഡ്ഡി പറഞ്ഞു. ടീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഫൽഗുനി ബാനർജി, ഹൈബിസ് ഗ്രൂപ്പ് എം.ഡി എം.രാജ്‌ഗോപാൽ, സിഇഒ സന്ധ്യാറാണി, നിൽഗിരി ടീ എംപോറം മാനേജിങ് പാർട്ണർ ധർവേശ് അനീസ് അഹമ്മദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.