പാലാ: വളർന്നു വരുന്ന തലമുറകളിലാണ് രാജ്യത്തിന്റെ ഭാവിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഓർമ്മ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭൂഖണ്ഡാന്തര പ്രസംഗമത്സരത്തിലെ ആദ്യ ഘട്ട മത്സര വിജയികളെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ വിദ്യാർത്ഥി സമൂഹം രാജ്യത്തിന് അഭിമാനമാണെന്നും റോഷി കൂട്ടിച്ചേർത്തു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജോസ് തോമസ്, ജോസ് ആറ്റുപുറം, അഡ്വ സന്തോഷ് മണർകാട്, മാത്യു അലക്‌സാണ്ടർ, ആലീസ് ആറ്റുപുറം, ഷാജി അഗസ്റ്റിൻ, ജോർജ് നടവയൽ, ഡോ ഫെഡ് മാത്യു, ചെസ്സിൽ ചെറിയാൻ, ഷൈൻ ജോൺസൺ, ആലീസ് ആറ്റുപുറം എന്നിവർ പ്രസംഗിച്ചു. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ നിന്നുമായി 25 പേർ വീതം ആദ്യഘട്ടത്തിൽ വിജയികളായി.

വിവിധ രാജ്യങ്ങളിൽ നിന്നായി 364 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഇരു വിഭാഗങ്ങളിൽ നിന്നുമായി കണ്ടെത്തുന്ന മികച്ച പ്രാസംഗികന് ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള ഓർമ ഒറേറ്റർ ഓഫ് ദ ഇയർ 2023 അവാർഡ് സമ്മാനിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി അര ലക്ഷം രൂപ വീതമുള്ള രണ്ട് ഒന്നാം സമ്മാനങ്ങളും കാൽ ലക്ഷം വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും പതിനയ്യായിരം രൂപ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നൽകും. ഇതോടൊപ്പം ഡോ എ പി ജെ അബ്ദുൾകലാം പുരസ്‌കാരത്തിനുള്ള വിദ്യാ- കലാലയത്തെയും കണ്ടെത്തും. കൂടാതെ മികച്ച പ്രസംഗം കാഴ്ചവയ്ക്കുന്നവർക്കു പ്രോത്സാഹന ക്യാഷ് അവാർഡുകൾ സമ്മാനിക്കും. ആകെ മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുകയായി മാത്രം നൽകുന്നത്. ഭാരതസ്വാതന്ത്ര വജ്രജൂബിലിയുടെ ഭാഗമായിട്ടാണ് പ്രസംഗോൽസവം സംഘടിപ്പിച്ചത്. 2023 ആഗസ്റ്റിൽ പാലാ അൽഫോൻസാ കോളജിൽ ഫൈനൽ മത്സരം സംഘടിപ്പിക്കും.