നെടുമങ്ങാട് മഞ്ച ബോയ്‌സ് സ്‌കൂളിൽ പഠനോത്സവവും വേനൽക്കാല ക്യാമ്പും സംഘടിപ്പിച്ചു. സർഗോത്സവം എന്നു പേരിട്ട ദ്വിദിന ക്യാമ്പ് നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പുറത്തിറക്കിയ ശബ്ദപുസ്തകം പൂർവവിദ്യാർത്ഥി അംജത്ഖാനു നൽകി എഴുത്തുകാരൻ പി.എസ്.ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു.

സ്‌കൂൾ റേഡിയോയായ റേഡിയോ മഞ്ചയിൽ ഈ അക്കാദമിക വർഷത്തിൽ പ്രക്ഷേപണം ചെയത വിവിധ പരിപാടികളിൽ നിന്ന് തിരഞ്ഞെടുത്തവ ഉൾപ്പെടുത്തിയാണ് ശബ്ദപുസ്തകം തയ്യാറാക്കിയത്. എസ്.എസ്.എൽ.സി പരീക്ഷാപരിശീലനത്തിന്റെ ഭാഗമായി വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരെ ഉൾപ്പെടുത്തി അവതരിപ്പിച്ച മുന്നൊരുക്കം പ്രക്ഷേപണ പരമ്പരയിൽ നിന്ന് തെരഞ്ഞെടുത്ത ലക്കങ്ങൾക്കൊപ്പം ചലച്ചിത്ര ഛായാഗ്രാഹകൻ വേണു, കാവാലം ശ്രീകുമാർ, ചന്ദ്രസേനൻ, നൂറ ഫാത്തിമ, സന്തോഷ് സൗപർണ്ണിക എന്നിവരുടെ സംഭാഷണങ്ങളും ശബ്ദപുസ്തകത്തിലുണ്ട്. നവോത്ഥാനമാസം ഉദ്ഘാടനം ചെയ്ത് പാർവതി ബാവുൽ ആലപിച്ച ഗാനങ്ങൾ, ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ എസ്.ഗോപാലകൃഷ്ണന്റെ ഗാന്ധിവായന, എം.എൻ കാരശ്ശേരിയുടെയും എസ്.നാരായണൻ നമ്പൂതിരിയുടെയും പ്രഭാഷങ്ങണം എന്നിവയും ഉൾപ്പെടുത്തിരിക്കുന്നു.

ആരോഗ്യവും കളികളും എന്ന വിഷയത്തിൽ ഷിബു ബാലകൃഷ്ണനും കളിക്കുന്നതെന്തിന് ഉറങ്ങുന്നതെന്തിന് എന്ന വിഷയത്തിൽ കെ.എൽ.വിനോദും ക്ലാസ്സെടുത്തു. ജി.എസ്.രാജീവ് കരാട്ടെ പരിശീലനം നൽകി. ഫോട്ടോഗ്രഫിയെക്കുറിച്ച് സെയ്ദ് ഷിയാസ് മിർസയും ഫയർ ആൻഡ് റെസ്‌ക്യൂവിൽ ഷാജിയും പരിശീലനം നൽകി. നാടൻപാട്ടിൽ മഞ്ചയിൽ വിക്രമനും ജയകുമാറും നാടൻ കരകൗശല ശില്പവിദ്യയിൽ കുളപ്പട സലീമും പരിശീലനം നൽകി. എ.എസ്.സുമിത ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നാടൻ പാനീയമേളയും ചെറുധാന്യ വിഭവ പ്രദർശനവും സംഘടിപ്പിച്ചു.

യോഗത്തിൽ ഹെഡ്‌മിസ്ട്രസ് കെ.എസ് രശ്മി സ്വാഗതവും പ്രിൻസിപ്പൽ ജിഷ നന്ദിയും പറഞ്ഞു. വാർഡ് കൗൺസിലർ പ്രിയ പി നായർ, പി.ടി.ഏ പ്രസിഡന്റ്, ഉദയകുമാർ കെ.എസ്, കേരള യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യൂക്കേഷൻ കോളേജ് പ്രിൻസിപ്പൽ രേണുകാ സോണി, റോസ്‌മേരി, പുഷ്പകുമാരി എന്നിവർ സംസാരിച്ചു.