പാലാ: പാലാ ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റിയുടെ ചുമതല ഏജൻസിയെ ഏൽപ്പിക്കാനുള്ള വിവാദ തീരുമാനം മാണി സി കാപ്പൻ എം എൽ എ യുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി റദ്ദാക്കി. നിലവിൽ ആറ് സെക്യൂരിറ്റി ജീവനക്കാരാണ് ഉള്ളത്. ഇത് പത്തായി ഉയർത്താനും തീരുമാനിച്ചു. സെക്യൂരിറ്റിക്കാരായി നിയമിക്കപ്പെടാൻ പാലായിലും പരിസര പ്രദേശത്തുമുള്ളവർക്കു മുൻഗണന നൽകും.

നിലവിൽ സെക്യൂരിറ്റി ജോലി നിർവ്വഹിക്കുന്നവരിൽ കാര്യക്ഷമതയുള്ളവരെ നിലനിർത്തുകയും ബാക്കിയുള്ളവരെ ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കാനും തീരുമാനമായി. സെക്യൂരിറ്റിയുടെ ചുമതല ആർ എം ഒ യ്ക്ക് നൽകി. രണ്ട് മാസത്തിലൊരിക്കൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ചേരും. നഗരസഭ ചെയർപേഴ്‌സൺ ജോസിൻ ബിനോ, വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, ആശുപത്രി സൂപ്രണ്ട് ഡോ ഷമ്മി രാജൻ തുടങ്ങിയവർ പങ്കെടുത്തു.