പാലാ: പരസഹായമില്ലാതെ ഏഴാം ക്ലാസ് വിദ്യാർത്ഥി സ്വന്തമായി തയ്യാറാക്കിയ യൂട്യൂബ് ചാനലിൽ ചുരുങ്ങിയകാലം കൊണ്ട് ഒരു ലക്ഷത്തിൽപരം വരിക്കാരെ നേടി യൂട്യൂബ് ക്രിയേറ്റർ അവാർഡ് നേടി. ഇതോടെ യുട്യൂബ് നൽകുന്ന സിൽവർ ബട്ടന് അർഹത നേടി.

പാലാ ചാവറ പബ്‌ളിക് സ്‌കൂൾ വിദ്യാർത്ഥി കൊച്ചിടപ്പാടി മൂലയിൽ തോട്ടത്തിൽ എബി ജെ ജോസിന്റെ പുത്രൻ ജോസഫ് കുര്യനാണ് ഈ നേട്ടം കൈവരിച്ചത്. യുട്യൂബ് ക്രിയേറ്റർ അവാർഡിനു അർഹത നേടിയത് സംബന്ധിച്ച് യൂ ട്യൂബിന്റെ അറിയിപ്പു കഴിഞ്ഞ ദിവസം ലഭിച്ചു.

മാസ്റ്റർ എഡിറ്റിങ് എന്ന പേരിലുള്ള യൂ ട്യൂബ് ചാനലിൽ വീഡിയോ എഡിറ്റിങ് ആപ്പുകൾ ഉപയോഗിച്ചു മൊബൈൽ ഫോണിൽ സ്വയം എഡിറ്റു ചെയ്താണ് ജോസഫ് കുര്യൻ വീഡിയോകൾ ഉൾപ്പെടുത്തുന്നത്. കോപ്പി റൈറ്റ് ഇല്ലാത്ത സംഗീതം കണ്ടെത്തി വീഡിയോയിൽ ചേർക്കും. കടുത്ത റൊണാൾഡോ ആരാധകനായ ജോസഫ് കുര്യൻ തയ്യാറാക്കിയ വീഡിയോകളിൽ കൂടുതലും തന്റെ ആരാധനാപാത്രമായ റൊണാൾഡോയുടെ വീഡിയോകളാണ്. മെസ്സി, നെയ്മർ, എംപാബേ തുടങ്ങിയ നിരവധി കളിക്കാരുടെയും വീഡിയോകളും ചാനലിൽ ഉണ്ട്. ജോസഫ് തയ്യാറാക്കിയ 277 വീഡിയോകൾ ഇതിനോടകം നാലേകാൽ കോടിയോളം ആളുകളാണ് കണ്ടത്. ഏറ്റവും കൂടുതൽ വീഡിയോ കണ്ടത് ഇന്ത്യാക്കാരാണ്. 60 ലക്ഷം. ബ്രസീൽ (30 ലക്ഷം),ഇൻഡോനേഷ്യ, ( 20 ലക്ഷം) അമേരിക്ക, മെക്‌സിക്കോ, ടർക്കി, മെക്‌സിക്കോ, റഷ്യ, അർജന്റീന, ബംഗ്ലാദേശ്, ജർമ്മനി (10 ലക്ഷം വീതം) എന്നിങ്ങനെയാണ് കാഴ്ചക്കാർ ഏറ്റവും കൂടുതൽ ഉള്ളത്. 2021 ആഗസ്റ്റിൽ കൊറോണാക്കാലത്താണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. ഒന്നര വർഷം പിന്നിട്ടപ്പോൾ ഒരു ലക്ഷത്തിനാലായിരത്തിൽപരം വരിക്കാരിൽ എത്തി നിൽക്കുന്നു. ഫുട്‌ബോളുമായി ബന്ധമില്ലാത്ത പേരാണ് കൊടുത്തിരുന്നതെങ്കിലും ചാനൽ ഹിറ്റാകുകയായിരുന്നു.

ഏതാനും വർഷം മുമ്പ് പാലായിൽ പാലാ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ഫുട്‌ബോൾ ക്യാമ്പിൽ പങ്കെടുത്തതോടെയാണ് ജോസഫിന് ഫുട്‌ബോൾ പ്രിയപ്പെട്ടതായി മാറിയത്. പോർച്ചുഗൽ സ്വദേശിയായ ഫുട്‌ബോൾ കോച്ച് ജാവോ പെഡ്രോ ഫിലിപ്പായിരുന്നു പരിശീലകൻ. കോച്ച് തിരിച്ചു പോയെങ്കിലും ഫുട്‌ബോൾ സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് ഇപ്പോഴും കോച്ചിനെ വിളിക്കാറുണ്ട്. പഠനത്തിനൊപ്പം ഫുട്‌ബോൾ കളിയിലും ഫുട്‌ബോളിൽ താത്പര്യമുള്ള ജോസഫ് കുര്യന് പിന്തുണയുമായി മാതാവ് സിന്ധു ബി മറ്റവും സഹോദരങ്ങളായ ലിയ, ദിയ, ഇവാന, കാതറീൻ എന്നിവരും ഉണ്ട്.

യുട്യൂബ് ക്രിയേറ്റർ അവാർഡ് നേടിയ ജോസഫ് കുര്യനെ ഓവർസീസ് റെസിഡൻസ് മലയാളി അസോസിയേഷൻ ടാലന്റ് പ്രൊമോഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മന്ത്രി റോഷി അഗസ്റ്റ്യൻ ജോസഫ് കുര്യന് ഉപഹാരം സമ്മാനിച്ചു. ജോസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. അഡ്വ സന്തോഷ് മണർകാട്, മാത്യു അലക്‌സാണ്ടർ, എബി ജെ ജോസ് എന്നിവർ പ്രസംഗിച്ചു.