- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: റോഡ് ഷോ ആരംഭിച്ചു
കൊച്ചി: ക്ലിയോസ്പോർട്സ് സംഘടിപ്പിക്കുന്ന പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ രജിസ്ട്രേഷൻ പ്രചരണാർഥമുള്ള റോഡ് ഷോ ആരംഭിച്ചു. കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി റോഡ്ഷോ ഫ്ളാഗ് ഓഫ് ചെയ്തു. കൊച്ചിയുടെ ഖ്യാതി ആഗോളതലത്തിൽ എത്തിക്കാൻ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ കുര്യാക്കോസ് കോണിൽ, റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി അഡ്വ. എസ്.എ.എസ്. നവാസ് എന്നിവർ സംസാരിച്ചു. ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ ശബരി നായർ, അനീഷ് പോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊച്ചിക്ക് പുറമേ തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലും റോഡ്ഷോ പര്യടനം നടത്തും.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി കൈകോർത്ത് ആസ്റ്റർ മെഡ്സിറ്റി;
കൊച്ചി: ക്ലിയോനെറ്റ് ഈവന്റ്സ്, സ്പോർട്സ്പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ ക്ലിയോസ്പോർട്സ് സംഘടിപ്പിക്കുന്ന പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക മെഡിക്കൽ പങ്കാളിയായി ആസ്റ്റർ മെഡ്സിറ്റിയെ പ്രഖ്യാപിച്ചു. മെയ് 1-ന് നടക്കുന്ന മാരത്തണിന്റെ ഔദ്യോഗിക മെഡിക്കൽ ഡയറക്ടറായി ആസ്റ്റർ മെഡ്സിറ്റി എമർജൻസി വിഭാഗം മേധാവി ഡോ. ജോൺസൺ കെ. വർഗീസിനെ നിയോഗിച്ചു.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കാനാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് തമിഴ്‌നാട് വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു. കൊച്ചി നഗരത്തിന്റെ ആരോഗ്യ സൂചിക ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള മികച്ച അവസരമാണ് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാരത്തൺ സുരക്ഷിതമാക്കുന്നതിന് ആരംഭിക്കുന്ന സ്ഥലത്ത് മെഡിക്കൽ ബേസ് ക്യാമ്പും കടന്നുപോകുന്ന തന്ത്രപ്രധാന പ്രദേശങ്ങളിൽ സബ്-മെഡിക്കൽ സ്റ്റേഷനുകളും സജ്ജീകരിക്കാനായി സംഘാടകരായ ക്ലിയോസ്പോർട്സുമായി ചേർന്ന് വിശദമായ പദ്ധതി തയ്യാറാക്കി വരികയാണെന്നും ഫർഹാൻ യാസിൻ വ്യക്തമാക്കി. ആരോഗ്യകരമായ കേരളം കെട്ടിപ്പടുക്കുന്നതിന് പൊതുജനങ്ങൾ വലിയതോതിൽ മാരത്തണിൽ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ മെഡിക്കൽ പങ്കാളിയായി ആസ്റ്റർ മെഡ്സിറ്റി എത്തുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ക്ലിയോസ്പോർട്സ് ഭാരവാഹികളായ ശബരി നായർ, ബൈജു പോൾ, അനീഷ് പോൾ എന്നിവർ പറഞ്ഞു. ഓട്ടക്കാർക്ക് പരിക്കുകൾ ഏൽക്കാതെ മറ്റ് തടസങ്ങൾ ഏതുമില്ലാതെ മാരത്തണിന്റെ സുഗമമായ നടത്തിപ്പിന് മെഡിക്കൽ പങ്കാളി അനിവാര്യമായ ഘടകമാണ്. ഇതിന് ആസ്റ്റർ പോലുള്ള പ്രമുഖ ബ്രാൻഡിനെ തന്നെ ലഭിച്ചത് വലിയ സൗഭാഗ്യമായി കരുതുന്നുവെന്നും അവർ വ്യക്തമാക്കി. ആസ്റ്ററിന്റെ സാന്നിധ്യം ഓട്ടക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഏറെ സഹായകമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
സഹകരണം കൂടുതൽ ഫലപ്രദമാക്കുന്നതിന് മാരത്തൺ, ഹാഫ് മാരത്തൺ, 10 കിമി റൺ എന്നിവ വിജയകരമായി ഫിനിഷ് ചെയ്യുന്ന ഓരോ ഓട്ടക്കാരന്റെയും പേരിൽ കുട്ടികളുടെ ഗുരുതര ശസ്ത്രക്രിയകൾക്കായി ഒരു ഫണ്ട് സംഭാവന ചെയ്യാൻ ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം അർഥവത്തായ ഉദ്യമങ്ങൾ നല്ല ലക്ഷ്യത്തിന്റെ ഭാഗമാകുന്നുവെന്ന സംതൃപ്തി മാരത്തണിൽ പങ്കെടുക്കുന്നവർക്ക് നൽകുന്നതോടൊപ്പം ബ്രാൻഡുകൾക്ക് ഇത്തരം മാരത്തണുകളുമായി സഹകരിക്കുന്നതിന് പ്രചോദനമാകുകയും ചെയ്യും. ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും www.kochimarathon.in സന്ദർശിക്കുക.