തിരുവനന്തപുരം: കേരളത്തിൽ ബാങ്ക് അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിക്കുന്ന നടപടി പൗരന്മാരുടെ സാമ്പത്തിക സാശ്രയത്വത്തിന് നേരെയുള്ള ബാങ്കുകളുടെയും ഭരണകൂടത്തിന്റെയും കടന്നാക്രമണമാണ്. ഏതെങ്കിലും സംസ്ഥാനത്തെ സൈബർ സെല്ലിലോ പൊലീസ് സ്റ്റേഷനിലോ ആരോ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ മരപ്പിക്കുന്നത്.

മരവിപ്പിക്കപ്പെട്ട കച്ചവടക്കാരുടെ അക്കൗണ്ടുകളിൽ പലതും ഉപഭോക്താക്കൾ നടത്തിയ നൂറോ ഇരുനൂരോ രൂപയുടെ ട്രാൻസാക്ഷനുകളുടെ പേരിലാണ്. പലതിലും ക്രൈം രജിസ്റ്റർ പോലും ചെയ്യപ്പെട്ടിട്ടില്ല. അക്കൗണ്ട് ഹോർഡറെ അറിയിക്കുകയോ വിശദീകരണം ആരായുകയോ പോലും ചെയ്യാതെ പൊലീസ് നിർദ്ദേശം എന്ന പേരിൽ സാധാരണക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. പല കേസുകളിലും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അക്കൗണ്ട് മരവിപ്പിക്കൽ മാറ്റിക്കൊടുത്ത സംഭവങ്ങളും അതിന്റെ ദൃശ്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഫഡറൽ ബാങ്കിലെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടവയിൽ ഏറെയും. ഇത് സംബന്ധിച്ച് ഉത്തരവാദിത്വം ഒഴിഞ്ഞുകൊണ്ട് ഫെഡറൽ ബാങ്ക് നൽകിയ വിശദീകരണം പൗരന്മാരുടെ ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. ബാങ്കുദ്യോഗസ്ഥരും പൊലീസും ഉൾപ്പെട്ട തട്ടിപ്പ് മാഫിയ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കാവുന്ന തരത്തിലാണ് കാര്യങ്ങൾ.

ഡിജിറ്റൽ പണമിടപാട് വ്യാപകമാവുകയും യു,പി.ഐ ഇടപാടുകൾ സർവസാധാരണമാകുകയും ചെയ്ത ഈ ഘട്ടത്തിൽ എവിടെ ഏതെങ്കിലും ഒരു ട്രാൻസാക്ഷന്റെ പേരിൽ അനന്തകാലം അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടി രാജ്യത്തിന്റെ പണമിടപാടിനെ ഗുരുതരമായി ബാധിക്കുന്ന കാര്യമാണ്. ജനങ്ങളെ പരിഭ്രാന്തരാക്കുന്നതും അവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് നേരെയുള്ള വെല്ലുവിളിയുമാണ്.

അതുകൊണ്ട് കൂട്ട മരവിപ്പിക്കലിന്മേൽ ഗൗരവമായ അന്വേഷണം നടത്തുകയും മരവിപ്പിച്ച അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുകയും വേണം. കേരളാ സർക്കാർ ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടണം.