കോട്ടയം: കർഷകരെ സംരക്ഷിക്കുന്നതിൽ റബർ ബോർഡ് സമ്പൂർണ്ണ പരാജയമാണെന്നും ഒരു പതിറ്റാണ്ടായി തുടരുന്ന വിലത്തകർച്ച സൃഷ്ടിച്ചിരിക്കുന്ന വൻ നഷ്ടങ്ങളിൽ നിന്ന് കരകയറാനാവാതെ തകർച്ച നേരിടുന്ന കർഷകർ റബർകൃഷി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നത് ബോർഡിന്റെ നിഷ്‌ക്രിയത്വത്തിന്റെയും കർഷകവിരുദ്ധതയുടെയും തെളിവാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

റബർ ആക്ടും റബർ ബോർഡും നിലവിൽ വന്നതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ റബർ ബോർഡ് ആവശ്യമില്ലെന്ന് 2022 ഡിസംബറിൽ നീതി ആയോഗ് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് ഡെമോക്ലസിന്റെ വാളുപോലെ തലയ്ക്കുമുകളിലുണ്ട്. 1947ലെ റബ്ബർ അക്ട് റദ്ദ്ചെയ്ത് വ്യവസായികളെ സംരക്ഷിക്കാനുള്ള പുതിയ നിയമത്തിന്റെ കരട് 2021 ജനുവരി 10ന് വാണിജ്യമന്ത്രാലയം പ്രസിദ്ധീകരിച്ച് അണിയറയിലുണ്ട്. ഇതെല്ലാം ലക്ഷ്യംവെയ്ക്കുന്നത് ആഭ്യന്തരവിപണിയിലെ വിലയിടിച്ച് വ്യവസായികൾക്ക് അസംസ്‌കൃത റബർ എത്തിക്കുന്ന കർഷകദ്രോഹ സമീപനമാണ്.

സ്വതന്ത്ര വ്യാപാരക്കരാറുകളിലൂടെ അനിയന്ത്രിത ഇറക്കുമതിമൂലം തകർന്നടിഞ്ഞിരിക്കുന്ന റബറിന്റെ ആഭ്യന്തരവിപണി കരകയറണമെങ്കിൽ കേന്ദ്രസർക്കാരിന്റെ ആത്മാർത്ഥ ഇടപെടലും കർഷകസംരക്ഷണ പദ്ധതികളും സാധ്യമാകണം. ഉല്പാദന ചെലവിനനുസരിച്ച് അസംസ്‌കൃതറബറിന് ന്യായവില ഉറപ്പാക്കിയും വിലസ്ഥിരത നടപ്പാക്കിയും റബർ സംഭരിക്കാതെ ഇന്ത്യയിൽ റബർ ബോർഡ് നടത്തുന്ന പ്രവർത്തനങ്ങളും പദ്ധതികളും കർഷകർക്ക് മുഖവിലയ്ക്കെടുക്കാനാവില്ലെന്നും കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനങ്ങളല്ല അടിയന്തര നടപടികളാണ് വേണ്ടതെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.