തിരുവനന്തപുരം: രണ്ടാമത് ഐ.ബി.എഫ്.എഫ് ബ്ലൈൻഡ് ഫുട്‌ബോൾ ടൂർണമെന്റ് പുരുഷ വിഭാഗത്തിന്റെ കലാശപ്പോരാട്ടത്തിൽ കേരളം ജേതാക്കളായി. കാഴ്ച പരിമിതിയെന്ന വൈകല്യത്തെ മറന്ന് കേരള-ഗുജറാത്ത് ടീമുകളുടെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് കേരളം വിജയകിരീടം ചൂടിയത്. തുടർച്ചയായ രണ്ടാം തവണയാണ് കേരളം ജേതാക്കളാവുന്നത്. കേരളത്തിന്റെ അനന്തു, അനീഷ് എന്നിവരാണ് ഗോൾ നേടി കേരളത്തെ വിജയത്തിലെത്തിച്ചത്. ഡിഫറന്റ് ആർട് സെന്റർ, ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ (ഐ.ബി.എഫ്.എഫ്), കേരള ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ എന്നിവർ സംയുക്തമായാണ് സൗത്ത്-വെസ്റ്റ് സോണൽ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. കേരളം, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കാഴ്ചപരിമിതരാണ് ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്തത്. ഗുജറാത്തിലെ വിഷ്ണു വഗേലയാണ് പ്ലേയർ ഓഫ് ദി ടൂർണമെന്റ്. മികച്ച ഡിഫെൻഡറായി അനന്തു (കേരള), മികച്ച ഗോൾകീപ്പറായി സുജിത്ത് പി.എസ് (കേരള), എമെർജിങ് പ്ലേയറായി ഡേവിഡ് (തമിഴ്‌നാട്), ടോപ്പ് സ്‌കോററായി ഫൽഹാൻ (കേരള) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ നടന്ന വനിതാവിഭാഗം ടൂർണമെന്റിൽ ഗുജറാത്ത് മറുപടിയില്ലാത്ത ഒരു ഗോളിന് മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയിരുന്നു.

വിജയികൾക്കുള്ള സമ്മാനദാനം തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ.എ.എസ് നിർവഹിച്ചു. ചടങ്ങിൽ മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പങ്കെടുത്തു.