തിരുവനന്തപുരം: എഞ്ചിനീയറിങ് വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥികൾക്ക് രാജ്യാന്തര നിലവാരമുള്ള തൊഴിൽ വ്യവസായിക പരിശീലനവും നൽകുന്നതിനും സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനും എഞ്ചിനീയറിങ് കോളജ് കാമ്പസ്സുകളിൽ ഇൻഡസ്ട്രിയൽ ഫ്രീസോൺ സംവിധാനം നടപ്പിലാക്കണമെന്ന് കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളിലേയ്ക്ക് കടന്നുവരുന്നതിലുള്ള സാങ്കേതിക നിയമതടസ്സങ്ങൾ ഒഴിവാക്കണം. ഇതരസംസ്ഥാനങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാൾ അടിസ്ഥാന സൗകര്യങ്ങളേറെയുള്ളതാണ് കേരളത്തിലെ കാത്തലിക് എഞ്ചിനീയറിങ് കോളജുകൾ. എ.ഐ.സി.റ്റി.യുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് സംസ്ഥാന സർക്കാരിന്റെ അടിയന്തര നടപടികൾ ഇക്കാര്യത്തിലുണ്ടാകണമെന്നും യുജിസിയുടെയും എഐസിറ്റിയുടെയും ആനുകാലിക നിർദേശങ്ങളും നിയമഭേദഗതികളും മാനിച്ചുകൊണ്ട് സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്ത് സജീവമാക്കണമെന്നും അസോസിയേഷൻ നിർദ്ദേശിച്ചു.

സമ്മേളനത്തിൽ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് മുഖ്യപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ വിഷയാവതരണവും നടത്തി. മോൺ. ഇ. വിൽഫ്രഡ്, മോൺ.തോമസ് കാക്കശ്ശേരി, ഫാ.ജോൺ വർഗീസ്, ഫാ. ആന്റണി അറയ്ക്കൽ, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ.പോൾ നെടുമ്പുറം, ഫാ.ജോൺ പാലിയക്കര, ഫ്രാൻസീസ് ജോർജ് എക്സ് എംപി., ഫാ. ആന്റോ ചുങ്കത്ത്, റവ.ഡോ.ജോസ് കണ്ണമ്പുഴ, ഫാ.മാത്യു കോരംകുഴ, ഫാ.ജസ്റ്റിൻ ആലുങ്കൽ, ഫാ.ബിജോയ് അറയ്ക്കൽ, ഫാ.ജോർജ് റബയ്റോ എന്നിവർ സംസാരിച്ചു.

കാത്തലിക് അസോസിയേഷൻ മുഖ്യമന്ത്രിയുമായി ഏപ്രിൽ 12ന് തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ അവതരിപ്പിച്ചു. അനുകൂല സമീപനമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പും സാങ്കേതിക യൂണിവേഴ്സിറ്റിയുമായി തുടർനടപടികൾക്കായി ചർച്ചകൾ നടത്തും. രാജ്യാന്തര യൂണിവേഴ്സിറ്റികളുമായി കാത്തലിക് എഞ്ചിനീയറിങ് കോളജുകളെ ബന്ധപ്പെടുത്തി സംയുക്തപദ്ധതികളും ഈ അക്കാദമിക് വർഷത്തിൽത്തന്നെ ആരംഭിക്കുമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി വി സി.സെബാസ്റ്റ്യൻ പറഞ്ഞു.