കൊച്ചി: ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ കേരള സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിന് തുടക്കമായി. ആലുവ ബ്ലൈൻഡ് സ്‌കൂളിലുള്ള സിഎബികെ സെന്റർ ഓഫ് എക്സലൻസിൽ നടക്കുന്ന ക്യാമ്പ് നാവിയോ ഷിപ്പിങ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അജയ് തമ്പി ഉദ്ഘാടനം ചെയ്തു. പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന സമ്മർ ക്യാമ്പിൽ 50 കുട്ടികൾ രണ്ട് ബാച്ചുകളിലായി പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ബ്ലൈൻഡ് സ്‌കൂളുകളിലേയും കാഴ്ച പരിമിതരുമായ കുട്ടികളാണ് ക്യാമ്പിന്റെ ഭാഗമാകുന്നത്. 15 പെൺകുട്ടികൾ ഉൾപ്പെടെ എട്ട് വയസുമുതൽ 17 വയസു വരെയുള്ള കുട്ടികളാണ് ക്യാമ്പിലുള്ളത്. വിനോദത്തിലും വിജ്ഞാനത്തിലും അധിഷ്ഠിതമായുള്ള ക്ലാസുകൾ, സ്‌കിൽ ഡവലപ്മെന്റ് ക്ലാസുകൾ, വിനോദയാത്ര എന്നിവ ക്യാമ്പിന്റെ ഭാഗമാണ്. കാഴ്ചപരിമിതരായ കുട്ടികളുടെ ആത്മവിശ്വാസം ഉയർത്തുകയും ഭാവിയിലേക്കുള്ള മാർഗനിർദ്ദേശം നൽകുന്നതിനും ഇത്തരം ക്യാമ്പുകൾ സഹായകരമാകുമെന്ന് സിഎബികെ ജനറൽ സെക്രട്ടറി രജനീഷ് ഹെൻ്ട്രി പറഞ്ഞു. നാവിയോ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ക്യാമ്പിന്റെ സ്പോൺസർഷിപ്പ്.