കൊച്ചി: വേമ്പനാട് കായലിൽ അപകടരമായ അളവിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്ലത്തിൽ തീരപ്രദേശങ്ങളിൽ ജലഗുണനിലവാര പരിശോധന ക്ലിനിക്കുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഫ്ആർഐ). കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള കടൽക്ഷോഭവും തീരപ്രദേശ പ്രളയങ്ങളും കൂടിവരുന്ന സാഹചര്യത്തിൽ തീരദേശവാസികളുടെ കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാര പരിശോധനയാണ് സിഎംഎഫ്ആർഐ ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.

കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ചെല്ലാനത്തെയും പുതുവൈപ്പിലെയും മത്സ്യത്തൊഴിലാളികളെ ബോധവൽകരിക്കുന്നതിനായി നടത്തിയ ശിൽപശാലയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിനായി വേമ്പനാട് കായലിൽ നിലവിൽ നടപ്പിലാക്കി വരുന്ന റിവൈവൽ ഗവേഷണ പദ്ധതിയുടെ തുടർച്ചയായയാണ് പുതിയ പദ്ധതി. കുടിവെള്ള സ്രോതസ്സുകൾ മലിനമുക്തമാണെന്ന് ഉറപ്പുവരുത്തുകയും ജലജന്യരോഗങ്ങൾ തടയുകയുമാണ് ലക്ഷ്യം. പരിസ്ഥിതിയുടെയും അവയെ ആശ്രയിച്ച് കഴിയുന്നവരുടെയും ആരോഗ്യസംരക്ഷണത്തിനായുള്ള 'വൺ ഹെൽത്ത്' ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് സിഎംഎഫ്ആർഐ നടപ്പിലാക്കാനുദ്ദേശിക്കുന്നത്. ഇതിനായി മൊബൈൽ ആപ്പ് വികസിപ്പിക്കാനും കോളേജ് വിദ്യാർത്ഥികളെ പങ്കാളികളാക്കാനും ഉദ്ദേശിക്കുന്നുണ്ട്. വേമ്പനാട് കായലുമായി ബന്ധപ്പെട്ട പഠനത്തിനായി സിഎംഎഫ്ആർഐ നടപ്പിലാക്കിയ സിറ്റിസൻ സയൻസ് കാംപയിൻ വൻ വിജയമായിരുന്നു. നാൻസൻ എൺവയമെന്റൽ റിസർച്ച് സെന്റർ-കൊച്ചി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, ആരോഗ്യ വകുപ്പ് തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി.

കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികളിൽ നിന്നും ആശ്വാസമേകാൻ ചെല്ലാനത്തെയും പുതുവൈപ്പിലെയും പട്ടികജാതി വിഭാഗത്തിൽ പെട്ട 24 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മത്സ്യവല, ഫ്രീസർ, ഐസ് ബോക്‌സ്, മോട്ടോർ പമ്പ് തുടങ്ങിയവ നൽകി. സിഎംഎഫ്ആർഐയുടെ നാഷണൽ ഇന്നൊവേഷൻസ് ഓൺ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ (നിക്ര) പദ്ധതിയുടെ ഭാഗമായ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിന് കീഴിലായിരുന്നു സഹായ വിതരണം. ചെല്ലാനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്പമ്മാ സെബാസ്റ്റിൻ, ഡോ സി രാമചന്ദ്രൻ, ഡോ ഗ്രിൻസൻ ജോർജ്, ഡോ രതീഷ് കുമാർ, വാർഡ് മെബർ കൃഷ്ണ കുമാർ, ഡോ മുഹമ്മദ് ഷഫീഖ് സംസാരിച്ചു.

കായലിൽ നീരൊഴുക്കു നിലച്ചു, മീനുകളിൽ രോഗബാധ കൂടി

കൊച്ചി: കായലുകളിൽ എക്കൽ അടിഞ്ഞ് നീരൊഴുക്കു നിലച്ചത് മത്സ്യബന്ധനത്തെ സാരമായി ബാധിച്ചുവെന്ന് മത്സ്യത്തൊഴിലാളികൾ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎംഫ്ആർഐ) നടന്ന കാലാവസ്ഥാവ്യതിയാന ബോധവൽകരണ ശിൽപശാലയിൽ അനുഭവം പങ്കുവെക്കുകയായിരുന്നു അവർ. കാലം തെറ്റിയുള്ള വേലിയേറ്റവും വെള്ളപ്പൊക്കവും കൂടിവരികയാണ്. പരമ്പരാഗത കടലറിവുകൾക്കനുസരിച്ചുള്ള ആസൂത്രണങ്ങളൊക്കെ പിഴച്ചുതുടങ്ങി. മത്സ്യകൃഷിയിലും ചെമ്മീൻ കെട്ടിലും രോഗബാധയുടെ തോത് വർധിച്ചു. കായൽ എക്കൽ നിറഞ്ഞത് കാരണം പലപ്പോഴും വള്ളങ്ങളിലൂടെയുള്ള സഞ്ചാരം സാധ്യമല്ലാത്ത അവസ്ഥയാണെന്നും കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള തീരദേശ മേഖലയിലെ മാറ്റങ്ങൾ പങ്കവെക്കവെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ചെല്ലാനത്തെയും പുതുവൈപ്പിലെയും പട്ടികജാതി വിഭാഗത്തിൽപെട്ട മത്സ്യത്തൊഴിലാളികളാണ് ശിൽപശാലയിൽ പങ്കെടുത്തത്.

കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ നേരിടേണ്ടിവരുന്നത് മത്സ്യത്തൊഴിലാളികളാണെന്ന് ചർച്ച നിയന്ത്രിച്ച സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സി രാമചന്ദ്രൻ പറഞ്ഞു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും കൂടിയായതോടെ ഇതിന്റെ ആഘാതം ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണത്തിനായുള്ള സിഎംഎഫ്ആർഐയുടെ നിക്ര പദ്ധതിയുടെ കീഴിലാണ് ശിൽപശാല സംഘടിപ്പിച്ചത്.