- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരുടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ ദുർവ്യാഖ്യാനം ചെയ്യണ്ട: ഷെവലിയർ അഡ്വ വി സി.സെബാസ്റ്റ്യൻ
കൊച്ചി: ഇന്ത്യയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അഭിവന്ദ്യ പിതാക്കന്മാർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടോടൂകൂടി ആരും ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
ഭാരത കത്തോലിക്കാസഭയിലെ പ്രമുഖമായ രണ്ടു വ്യക്തിസഭകളുടെയും കത്തോലിക്കാ ഇതര ക്രൈസ്തവ സഭകളുടെയും ആസ്ഥാനം കേരളത്തിലാണ്. പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ സഭാപിതാക്കന്മാർ ഭാരതത്തിൽ ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും പൊതുസമൂഹം അഭിമുഖീകരിക്കുന്ന ജനകീയവിഷയങ്ങളും ചർച്ചകളിലും നിവേദനങ്ങളിലും പങ്കുവെച്ചത് പ്രതീക്ഷയേകുന്നു. ഇതിനെ കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി കാണുന്നതും ആക്ഷേപിക്കുന്നതും വിശ്വാസിസമൂഹം മുഖവിലയ്ക്കെടുക്കില്ല. പ്രധാനമന്ത്രിയുടെ മുമ്പിൽ പങ്കുവച്ചത് രാഷ്ട്രീയമല്ലെന്നും സഭാപരവും ജനകീയവുമായ വിഷയങ്ങളാണെന്നും സഭാപിതാക്കന്മാർതന്നെ പ്രസ്താവനകളിലൂടെ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽതന്നെ രാഷ്ട്രീയമായും, വരാൻപോകുന്ന തെരഞ്ഞെടുപ്പുമായും ഈ കൂടിക്കാഴ്ചയെ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. അറിവും പഠനവും ബോധ്യങ്ങളുമുള്ള വിശ്വാസിസമൂഹത്തിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും വിശ്വാസങ്ങളിൽ അടിയുറച്ച രാഷ്ട്രീയ നിലപാടുകളുമുണ്ട്.
കാർഷിക, തീരദേശ, സാമൂഹ്യ വിഷയങ്ങൾ സഭാംഗങ്ങൾ മാത്രമല്ല പൊതുസമൂഹമൊന്നാകെ നേരിടുന്നജനകീയ പ്രശ്നങ്ങളാണ്. ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്കകൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സഭാപിതാക്കന്മാർ ഒറ്റക്കെട്ടായി ശ്രമിച്ചത് ക്രൈസ്തവ സഭാവിഭാഗങ്ങളിലുള്ള ഒരുമയും സ്വരുമയുമാണ് വ്യക്തമാക്കുന്നത്. നിലനിൽപ്പിനായി ഭാവിയിലും കൂടുതൽ യോജിച്ചുള്ള സഭാനേതൃത്വ കൂട്ടായ്മകൾ ക്രൈസ്തവ സഭകൾക്കുള്ളിൽ ശക്തിപ്പെടുത്തണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.