തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഐസിഫോസുമായി സഹകരിച്ച് ഏപ്രിൽ 25 മുതൽ 29 വരെ നടത്തിവരുന്ന ഓൺലൈൻ മലയാളം നിഘണ്ടു എഡിറ്റിങ് ശില്പശാല ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം കാര്യവട്ടത്തെ അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രത്തിൽ (ഐസിഫോസ്) നടന്ന പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിച്ചു. ഐസിഫോസ് പ്രോഗ്രാം ഹെഡ് ഡോ. ആർ. ആർ. രാജീവ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. പ്രിയ വർഗീസ്, തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ഭാഷാശാസ്ത്ര വിഭാഗത്തിലെ ഡോ. എം ശ്രീനാഥൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ കെ. ആർ. സരിതകുമാരി എന്നിവർ സംസാരിച്ചു. ഇന്ന് (ഏപ്രിൽ 26 ന് ബുധനാഴ്ച) ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന പുസ്തകപ്രകാശനോൽസവത്തിൽ 8 പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ശില്പശാല 29ന് സമാപിക്കും.