- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ തകർക്കാനുള്ള ആർഎസ്എസ് ശ്രമത്തെ തടയുക: മൂവാറ്റുപുഴ അഷ്റഫ് മൗലവി
കോഴിക്കോട്: ഫാസിസ്റ്റ് വൽക്കരിച്ച് കേരളത്തെ തകർക്കാനുള്ള ആർഎസ്എസ് ശ്രമത്തെ തടയണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കേരളത്തിലെ ആയിരക്കണക്കിന് ശാഖകളിലൂടെ പതിനായിരക്കണക്കിന് ക്രിമിനലുകൾക്കാണ് ആർഎസ്എസ് ആയുധപരിശീലനം നൽകുന്നത്. അത്തരത്തിൽ പരിശീലനം ലഭിച്ച ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. കൂടാതെ, ആർഎസ്എസ് നിയന്ത്രണത്തിൽ വമ്പിച്ച ആയുധശേഖരങ്ങളുമുണ്ട്. ആയിരക്കണക്കിന് ശാഖകൾ കേന്ദ്രീകരിച്ചും ആർഎസ്എസ് നേതാക്കളുടെ വീടുകളും അവരുടെ സ്വാധീനമേഖലകളും കേന്ദ്രീകരിച്ചാണ് ആയുധങ്ങൾ ശേഖരച്ചിട്ടുള്ളത്. ആയിരക്കണക്കിന് ശൂലങ്ങൾ ബജ്റങ്ദളിന്റെ പേരിൽ ആർഎസ്എസ് കേരളത്തിൽ വിതരണം ചെയ്ത് കഴിഞ്ഞു. തോക്ക് ഉൾപ്പെടെയുള്ള നൂതനമായ ആയുധ ശേഖരവും അതിന്റെ പരിശീലനവും കേരളത്തിൽ നടക്കുന്നുണ്ട്. ആർഎസ്എസ്സിന് സ്വാധീനമുള്ള ക്ഷേത്ര പരിസരങ്ങൾ കേന്ദ്രീകരിച്ച് യുവാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ആയുധ പരിശീനം നൽകുന്നത്. ആദിവാസി മേഖലകളിൽ പോലും ഇത്തരം ആയുധപരിശീലനം നടന്നു വരുന്നു. തോക്ക് പരിശീലനം നടത്തുന്നവരിൽ പലരും ഇത്തരം മേഖലകളിൽ നിന്നുള്ളവരാണ്.
അതോടൊപ്പം ആർഎസ്എസ്സിന്റെ സാംസ്കാരികവൽക്കരണവും കേരളത്തിൽ സജീവമാണ്. അതിന് സിനിമ ഉൾപ്പെടെയുള്ള പല മാധ്യമങ്ങളെയും അവർ ഉപയോഗിക്കുന്നു. ഹൈന്ദവ സംസ്കാരത്തിന്റെ പേരു പറഞ്ഞാണ് ആർഎസ്എസ് സമൂഹത്തെ സ്വാധീനിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആൾക്കൂട്ടം എന്ന പേരിൽ ആർഎസ്എസ്സും അനുബന്ധ സംഘടനകളും മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ നിരപരാധികളെ തല്ലിക്കൊല്ലുകയാണ്. ക്രൈസ്തവ മേഖലകളിൽ കടന്നു കയറി ഭീകരത സൃഷ്ടിക്കുകയും ദലിതുകളെ ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
തൃപുരയിൽ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകൾക്കു ശേഷവും പതിനായിരക്കണക്കിന് ആർഎസ്എസ് അനുബന്ധ അക്രമികളാണ് അഴിഞ്ഞാടിയത്. വിവിധ രാഷ്ട്രീയപാർട്ടികളുടെ ഓഫീസ് തകർത്തതും ആയിരക്കണക്കിന് പാർട്ടി നേതാക്കളും പ്രവർത്തകരും ക്രൂരമായ ആക്രമത്തിനിരയായി കാട്ടിൽ അഭയം തേടേണ്ടി വന്നതും നാം കണ്ടവരാണ്.
തൃപുര സന്ദർശിച്ച ഇടത് എംപി മാരുൾപ്പെടെള്ളവരെ ആൾക്കൂട്ട ആക്രമത്തിനിരയാക്കുകയും അവരുടെ വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. അതിനു സമാനമായ ഭീകരാന്തരീക്ഷമാണ് ആയുധ ശേഖരണത്തിലൂടെയും പരമത വിദ്വേഷത്തിലധിഷ്ഠിതമായ വംശഹത്യ പ്രത്യയശാസ്ത്രത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള അവരുടെ സാംസ്കാരിക വൽക്കരണത്തിലൂടെയും കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നത്. ദി കേരളാ സ്റ്റോറി എന്ന സിനിമ ഇതിന്റെ ഭാഗമാണ്.
കേരളത്തിൽ മാറി മാറി വന്ന ഭരണകൂടങ്ങൾക്ക് ഇത്തരം സാമൂഹിക സ്ഥിതി വളർന്നു വന്നതിൽ നിർണായകമായ പങ്കുണ്ട്. യുഡിഎഫിന്റെ ഭരണകാലത്താണ് ആലപ്പുഴയിൽ ബജ്റങ് ദളിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിനാളുകൾക്ക് ശൂലമുൾപ്പെടെയുള്ള ആയുധങ്ങൾ പരസ്യമായി വിതരണം ചെയ്തത്.
വി എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും ഭരണകാലത്തെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നയനിലപാടുകൾ ആർഎസ്എസിന്റെ വളർച്ചയ്ക്ക് സഹായകരമായിട്ടുണ്ട്. സംഘപരിവാറുകാരനായ ഒരു ഡിജിപിയുടെ വ്യാജ റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ കുറിച്ച് അത്യന്തം വിഷമയമായ പ്രസ്താവന വി എസ് നടത്തിയത്. അത് വിദ്വേഷ സിനിമയ്ക്ക് തിരക്കഥയാവുക മാത്രമല്ല രാജ്യത്തുടനീളം ആർഎസ്എസ് പ്രചാരണത്തിന് അത് ഉപയോഗപ്പെടുത്തുകയും ചെയ്തു. അവസാനമായി ഏലത്തൂർ ട്രെയിൻ തീവെപ്പ് കേസന്വേഷണത്തിനിടെ ഷെഹീൻബാഗിനെ കുറിച്ച് എഡിജിപി നടത്തിയ പ്രസ്താവനയും വംശീയ ദുഷ്ടലാക്കിന്റേതാണ്. സമീപകാലത്തായി കണ്ണൂർ ജില്ലയിലെ ആർഎസ്എസ്സിന്റെ വിവിധ കേന്ദ്രങ്ങളിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനങ്ങൾ ഉണ്ടാവുകയും ആർഎസ്എസ്സുകാരുടെ കൈകൾ നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടും സത്യസന്ധമായ അന്വേഷണം നടത്താൻ കേരളാ പൊലീസിന് സാധിച്ചിട്ടില്ല.
കേരളത്തിലെ ആർഎസ്എസ് ബോംബ് നിർമ്മാണ ശാലകളിൽ നിരന്തരമായി പൊട്ടിത്തെറികൾ ഉണ്ടാകുന്നു.ബിജെപി നേതാക്കൾ പ്രതിയായ കള്ളനോട്ട് നിർമ്മാണ കേസും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് കോടികൾ കള്ളപ്പണമായി ഒഴുക്കിയതുമായി ബന്ധപ്പെട്ട കൊടകര കേസും പൊലീസ് വേണ്ട വിധത്തിൽ അന്വേഷിക്കുകയോ യഥാർത്ഥ പ്രതികളെ അറസ്റ്റുചെയ്യുകയോ ചെയ്തിട്ടില്ല. കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം, സുൽത്താൻ ബത്തേരി തിരഞ്ഞെടുപ്പ് കോഴ കേസിലും പൊലീസ് ബിജെപിക്ക് വിടുപണി ചെയ്യുകയായിരുന്നു.
ഇടതുപക്ഷ സർക്കാരും സിപിഎമ്മും ആർഎസ്എസ്സിന്റെ സാംസ്കാരിവൽക്കരണത്തിനും രാഷ്ട്രീയ വളർച്ചയ്ക്കും ആശയപരമായും ഭരണപരമായും ചില സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുയാണ്. ആർഎസ്എസ്സുകാർ പ്രതികളായ കേസുകളിലും അവരുടെ വിദ്വേഷ പ്രസ്താവനകളിലുമെല്ലാം സിപിഎം സ്വീകരിച്ച സമീപനങ്ങളും അതോടൊപ്പം അനധികൃതമായി ചില ന്യൂനപക്ഷ വിഭാഗങ്ങൾ എന്തൊക്കെയോ നേടിയെടുത്തുന്ന സംഘപരിവാർ പ്രചരണത്തിന് മുമ്പിൽ സ്വീകരിച്ച മൗനവും ഇതിന്റെ ഭാഗമാണ്.
ആർഎസ്എസ്സിന്റെ ഇത്തരം സായുധവൽക്കരണത്തിന്റെയും സാംസ്കാരിക വൽക്കരണത്തിന്റെയും മുമ്പിൽ കേരളത്തിലെ സാംസ്കാരിക-സാമൂഹിക നേതൃത്വങ്ങളും നിശബ്ദത പാലിക്കുന്നു. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ ആർഎസ്എസ്സിന്റെ ഇത്തരം ഭീകര പ്രവർത്തനങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതിനെതിരെ എല്ലാവരും മൗനം വെടിയേണ്ടതുണ്ട്. ഭരണകൂടം ഈ വിഷയത്തിൽ തക്കതായ നടപടി സ്വീകരിക്കണം. ഇത്രയും വലിയ ആയുധശേഖരണങ്ങൾ നടക്കുമ്പോൾ അത് എന്തിനുവേണ്ടി എന്ന് പൊതുസമൂഹം തിരിച്ചറിയണം.
ഇത്തരം ആയുധശേഖരണങ്ങളിലൂടെയും സായുധ ആക്രമണങ്ങളിലൂടെയും കേരളത്തിൽ മേൽക്കൈ നേടാമെന്നത് ആർഎസ്എസ്സിന്റെ വ്യാമോഹം മാത്രമാണ്. കേരളത്തിന്റെ സൗഹൃദത്തെയും സാംസ്കാരിക വൈവിധ്യങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി പൊതുസമൂഹം അതീവ ജാഗ്രത പുലർത്തണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി അഭിപ്രായപ്പെട്ടു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ സംബന്ധിച്ചു.