ന്യൂഡൽഹി: നൂറ്റാണ്ടുകളായി വിവിധ സമുദായങ്ങളും സമൂഹങ്ങളും സമാധാന സഹവർത്തിത്വമുള്ള മണിപ്പൂരിൽ അക്രമങ്ങൾ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാരുകളും സമൂഹവും തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

പരസ്പരമുള്ള അക്രമങ്ങൾ ജനങ്ങളുടെ മനസ്സിൽ മായാത്ത മുറിവുകൾ സൃഷ്ടിക്കപ്പെടും. സംഘട്ടനങ്ങൾ, അക്രമം, തീവെയ്‌പ്പ് എന്നിവമൂലം ജീവഹാനി സംഭവിച്ചവരുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്നതും നിരപരാധികളായ ജനങ്ങളുടെ ജീവിതം സ്തംഭിപ്പിച്ചിരിക്കുന്നതും വേദനാജനകവും പരിഹരിക്കപ്പെടേണ്ടതുമാണ്. ടെലഫോൺ, ഇന്റർനെറ്റ്, ഗതാഗതം എന്നിവ നിരോധിച്ചതുമൂലം പ്രശ്നബാധിത പ്രദേശങ്ങളിലെ യഥാർത്ഥ സ്ഥിതിഗതികൾ പുറംലോകത്തിന് അപ്രാപ്യമാകുന്നു.

മലമുകളിലുള്ള ഗോത്രവിഭാഗങ്ങളും താഴ്‌വരകളിലെ മൈതേയ് സമൂഹവും തമ്മിലുള്ള ഏറ്റുമുട്ടലിലേയ്ക്ക് നീങ്ങിയതിന്റെ പിന്നിൽ സർക്കാരുകളുടെ ബോധപൂർവ്വമായ നീതിനിഷേധം ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ ഉടമസ്ഥ ആധികാരികതയുടെ പേരിൽ കാലങ്ങളായി മലയോരമേഖലയിൽ തുടരുന്ന അനീതിക്കെതിരെയുള്ള പ്രതികരണം അടിച്ചമർത്താൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയത്.

മണിപ്പൂരിലെ സമാധാനത്തിനും ഐക്യത്തിനും ജനജീവിതം പൂർവ്വസ്ഥിതിയിലെത്തുന്നതിനുമായി രാജ്യത്തുടനീളം ക്രൈസ്തവ അല്മായ പ്രസ്ഥാനങ്ങളും വിശ്വാസിസമൂഹവും പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്ന് ലെയ്റ്റി കൗൺസിൽ ആഹ്വാനം ചെയ്തു. മണിപ്പൂർ ജനസംഖ്യയുടെ 42 ശതമാനം ക്രൈസ്തവരാണ്. സിബിസിഐ നോർത്ത് ഈസ്റ്റ് റീജിയണിന്റെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ സമാധാന ശ്രമങ്ങൾക്കും ലെയ്റ്റി കൗൺസിൽ പിന്തുണ നൽകുന്നുവെന്ന് റീജിയണൽ ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജി. പി. അമൽരാജിൽ നിന്ന് വിശദാംശങ്ങൾ തേടിയശേഷം വി സി.സെബാസ്റ്റ്യൻ അറിയിച്ചു.