- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിപ്രായസ്വാതന്ത്ര്യം അംഗീകരിക്കാൻ ജനങ്ങളും സജ്ജമാകണം: സെബാസ്റ്റ്യൻ പോൾ
കൊച്ചി: അഭിപ്രായസ്വാതന്ത്യം സംരക്ഷിക്കൽ സർക്കാരുകൾക്ക് മാത്രം സാധ്യമായ ഒന്നല്ലെന്നും അതിന് ജനങ്ങൾകൂടി തയാറാകണമെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ ഡോ. സെബാസ്റ്റ്യൻ പോൾ. വിശ്വസംവാദകേന്ദ്രം എറണാകുളത്ത് സഹകാർഭാരതി ഭവനിൽ സംഘടിപ്പിച്ച നാരദ ജയന്തി ആഘോഷത്തിൽ നവമാധ്യമകാലത്തെ മാധ്യമ പ്രവണതകൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റർനെറ്റ് കാലം വന്നപ്പോൾ സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും പിറന്നു എന്ന സന്തോഷിച്ച തലമുറയിൽ പെട്ടവരാണ് ഞങ്ങൾ. അടിയന്തരാവസ്ഥയിലെ ദുസ്സഹമായ സെൻസർഷിപ്പിന്റെ അനുഭവത്തിൽ നിന്നാണ് അത്തരം ആശ്വാസമുണ്ടായത്. എന്നാൽ ഇന്ന് ആ ധാരണ മാറിയിട്ടുണ്ട്. നവമാധ്യമങ്ങൾ ആർക്കും എന്തും പറയാനുള്ള ഇടമാണെന്ന് വന്നതോടെ അവിടെയും സെൻസറിങ് വന്നു. മാധ്യമധർമ്മമെന്ന ഒന്ന് ബാധകമല്ലാത്ത ഇടമായി അത് മാറി. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ അനിവാര്യമായി മാറുന്നതെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ഏത് കാലത്തെയും മാധ്യമപ്രവർത്തനത്തിന്റെ സനാതനമായ മാതൃകയാണ് നാരദ മഹർഷിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.രഹസ്യമില്ലാത്ത കാലമാണ് നവമാധ്യമങ്ങൾ തുറന്നിട്ടതെന്ന് തുടർന്ന് സംസാരിച്ച എം വി ബെന്നി പറഞ്ഞു. പരിക്കേൽക്കാതിരിക്കാൻ സത്യത്തെ പിൻതുടരുകയാണ് വഴി. ഒന്നും മറച്ചുവയ്ക്കാനില്ലാത്ത വിധം പെരുമാറാൻ കഴിയുന്നിടത്താണ് ധർമ്മജീവിതം പുലരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക മാധ്യമപ്രവർത്തനത്തിലെ സമഗ്രതയ്ക്ക് വിശ്വസംവാദകേന്ദ്രത്തിന്റെ ആദരവ് എം വി ബെന്നിക്ക് സെബാസ്റ്റ്യൻ പോൾ സമ്മാനിച്ചു.ധർമ്മവിജയത്തിനായി വൈരുധ്യങ്ങളെ സമന്വയിപ്പിച്ച ഋഷിയാണ് നാരദനെന്ന് അധ്യക്ഷഭാഷണം നടത്തിയ വിശ്വസംവാദ കേന്ദ്രം അധ്യക്ഷൻ എം. രാജശേഖരപ്പണിക്കർ ചൂണ്ടിക്കാട്ടി. ഈശ്വരന്റ മനസ്സാണ് നാരദൻ. പ്രപഞ്ചത്തിലെ എല്ലാ നന്മകളുടെയും വിജയത്തിന് വേണ്ടി സംവാദത്തിന്റെയും ആശയവിനിമയത്തിന്റെയും എല്ലാ വഴികളും സ്വീകരിച്ച മാധ്യമധർമ്മത്തിന്റെ ത്രികാലങ്ങളിലെയും മാതൃകയായിരുന്നു അദ്ദേഹമെന്ന് രാജശേഖരപ്പണിക്കർ പറഞ്ഞു.
ഗാന്ധിവിരുദ്ധർ ഗാന്ധിയന്മാരുടെ വേഷമണിഞ്ഞ് നടന്നപ്പോൾ തമസ്‌കരിക്കപ്പെട്ടുപോയ യഥാർത്ഥ ഗാന്ധിയനായിരുന്നു പ്രൊഫ.എംപി.മന്മഥനെന്ന് ചടങ്ങിൽ എംപി. മന്മഥൻ സ്മൃതിഭാഷണം നടത്തിയ മുരളി പാറപ്പുറം പറഞ്ഞു.
സംവാദകേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ എം. പി മന്മഥൻ സ്മാരക പുരസ്‌കാരം മാതൃഭൂമി സീനിയർ റിപ്പോർട്ടർ ടി.ജെ. ശ്രീജിത്തിന് സംവാദ കേന്ദ്രം ചെയർമാൻ കെ. ആർ. ഉമാകാന്തൻ സമ്മാനിച്ചു. കന്യാകുമാരി യൂത്ത് ജേർണലിസം വർക്ക്‌ഷോപ്പിനെക്കുറിച്ച് മികച്ച അനുഭവക്കുറിപ്പ് എഴുതിയ മാധ്യമ വിദ്യാർത്ഥി രമ്യ എസിന് പ്രോത്സാഹന സമ്മാനം നൽകി. സംവാദകേന്ദ്രം സെക്രട്ടറി എം. സതീശൻ, ട്രഷറർ പി.ജി. സജീവ് എന്നിവർ സംസാരിച്ചു.