- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിക്ഷാടനവും അനധികൃതപിരിവുകളും നിരോധിച്ച് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ
ഏറ്റുമാനൂർ: സമൂഹത്തിൽ മോഷണം, പിടിച്ചുപറി, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇവയ്‌ക്കെതിരെ മുൻകരുതലുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി ഭിക്ഷാടനവും അനധികൃത പിരിവുകളും വീടുകൾ കയറിയിറങ്ങിയുള്ള അനധികൃത കച്ചവടങ്ങളും അസോസിയേഷൻ പ്രവർത്തനപരിധിയിൽ നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നഗരസഭാ ചെയർപേഴ്‌സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു.
ബോധവൽക്കരണത്തിന്റെ ഭാഗമായി നഗരസഭയുമായി സഹകരിച്ച് ഏറ്റുമാനൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അസോസിയേഷൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും ചെയർപേഴ്‌സൺ നിർവഹിച്ചു. ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷന്റെ മാതൃകാപരമായ ഈ പ്രവർത്തനത്തിന്റെ ചുവടുപിടിച്ച് നഗരസഭയിലെ എല്ലാ വാർഡുകളും യാചകനിരോധനമേഖലയാക്കി മാറ്റണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ടെന്ന് ലൗലി ജോർജ് പറഞ്ഞു.
ഏറ്റുമാനൂർ ടെമ്പിൾ റോഡിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് എം.എസ്.മോഹൻദാസ് അധ്യക്ഷനായിരുന്നു. നഗരസഭാ മുൻ സ്ഥിരം സമിതി അധ്യക്ഷൻ ഗണേശ് ഏറ്റുമാനൂർ, കേറ്റർ ഗ്രൂപ്പ് ഉടമ ബോബി തോമസ്, അസോസിയേഷൻ സെക്രട്ടറി ബി.സുനിൽകുമാർ, ട്രഷറർ എൻ.വിജയകുമാർ, എം.എസ്.അപ്പുകുട്ടൻനായർ, ജി.മാധവൻകുട്ടി നായർ, ബി അരുൺകുമാർ, ടി.ജി.രാമചന്ദ്രൻ നായർ, അഡ്വ സി.എൽ.ജോസഫ്, ബിജു ജോസഫ്, കോട്ടയം ഗോപകുമാർ, ജി ശ്രീകുമാർ, ഹരീഷ് വടക്കേടം തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റുമാനൂർ നഗരസഭയുടെ 33, 34, 35 വാർഡുകളിലും അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലും ഉൾപ്പെട്ട ഏറ്റുമാനൂർ ടൗൺ പ്രദേശങ്ങളാണ് ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷന്റെ പ്രവർത്തനപരിധിയിൽ ഉള്ളത്. ബോധവൽക്കരണത്തിന്റെ ഭാഗമായി എം.സി.റോഡിലും ഇടറോഡുകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയാണ് ആദ്യനടപടി. വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന യാചകരെയും അനധികൃതപിരിവുകാരെയും പൂർണ്ണമായി ഒഴിവാക്കുന്നതിന് ഭവനസന്ദർശനം നടത്തി ജനങ്ങളെ ബോധവാന്മാരാക്കുകയാണ് അടുത്ത നടപടിയെന്ന് പ്രസിഡന്റ് എം.എസ്.മോഹൻദാസ്, സെക്രട്ടറി ബി.സുനിൽകുമാർ എന്നിവർ പറഞ്ഞു.