- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷക പ്രതിഷേധം ഹൈക്കോടതിയിലേയ്ക്ക്
കൊച്ചി: വന്യമൃഗങ്ങൾക്ക് കടിച്ചുകീറാൻ മനുഷ്യനെ എറിഞ്ഞുകൊടുക്കുന്ന ക്രൂരതയ്ക്ക് നീതിപീഠങ്ങൾ ഒത്താശചെയ്യുന്നതിനെതിരെ പ്രതികരിക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യ കൺവീനർ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
അരിക്കൊമ്പൻ വിഷയത്തിൽ യാതൊരു വൈദഗ്ദ്ധ്യവുമില്ലാത്ത 5 പേരെ ചേർത്ത് വിദഗ്ദ്ധസമിതിയുണ്ടാക്കി അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആനയെ കാട്ടിൽ തുറന്നുവിട്ടപ്പോൾ ഭയാനകമായ കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. വിദഗ്ദ്ധസമിതി പറഞ്ഞതല്ല മറിച്ച് വലിയ അറിവുകളില്ലാത്ത കർഷകസംഘടനാ നേതാക്കളും കർഷകരും പറഞ്ഞതാണ് സംഭവിച്ചത്. തീവ്രപരിസ്ഥിതിവാദികളും വിദേശഫണ്ട് കൈപ്പറ്റുന്നവരുമുൾക്കൊള്ളുന്ന വിദഗ്ദ്ധസമിതി പിരിച്ചുവിട്ട് ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പുതല സെക്രട്ടറിമാരെയും കർഷകസംഘടനാ നേതാക്കളെയുമുൾപ്പെടുത്തി പുതിയ വിദഗ്ദ്ധസമിതി രൂപീകരിക്കണം. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഹൈക്കോടതി നടപ്പിലാക്കുക, വന്യമൃഗശല്യം-വിദഗ്ദ്ധസമിതി പിരിച്ചുവിടുക, മൃഗങ്ങളേക്കാൾ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മറ്റി ഭാരവാഹികൾ ഹൈക്കോടതിയിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി സി.സെബാസ്റ്റ്യൻ. വന്യമൃഗ അക്രമത്തിൽ മരണപ്പെടുന്ന മനുഷ്യന്റെ ജീവന് 10 ലക്ഷം വിലയിടുന്ന അധികാര നേതൃത്വങ്ങൾ പൊതുസമൂഹത്തിന് അപമാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളിൽ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് പറഞ്ഞ വിധിപ്രകാരം, കേരള ഹൈക്കോടതി മൃഗങ്ങൾക്ക് നൽകുന്ന പ്രാധാന്യം മാറ്റിവെച്ച് മനുഷ്യന് ഭരണഘടനാ അവകാശങ്ങൾ നൽകണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോർഡിനേറ്റർ അഡ്വ.കെ.വി.ബിജു മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. സംസ്ഥാന വൈസ് ചെയർമാൻ ജോയി കണ്ണംചിറ ആമുഖപ്രഭാഷണം നടത്തി.
വിവിധ കർഷക സംഘടനാ നേതാക്കളായ ഡോ. ജോസുകുട്ടി ഒഴുകയിൽ (മലനാട് കർഷകസമിതി), വി.ബി.രാജൻ (കെകെഎഎസ്), ഡിജോ കാപ്പൻ (കിസാൻ മഹാസംഘ്), ജോർജ് സിറിയക് (ഡികെഎഫ്), മനു ജോസഫ് (ജൈവ കർഷക സമിതി), സണ്ണി തുണ്ടത്തിൽ (ഇൻഫാം), ജോയി കണ്ണാട്ടുമണ്ണിൽ (വി.ഫാം), വി. രവീന്ദ്രൻ (ദേശീയ കർഷകസമാജം), വർഗീസ് കൊച്ചുകുന്നേൽ (ഐഫ), സിറാജ് കൊടുവായൂർ (എച്ച് ആർ പി ഇ എം), റോജർ സെബാസ്റ്റ്യൻ (വൺ ഇന്ത്യ വൺ പെൻഷൻ), ജെയിംസ് പന്ന്യാമാക്കൽ (കർഷക ഐക്യവേദി), പി എം സണ്ണി (ദേശീയ കർഷക സമിതി), ജോർജ് പള്ളിപ്പാടൻ (ഫാർമേഴ്സ് റലീഫ് ഫോറം), ഷാജി തുണ്ടത്തിൽ (ആർ.കെ.എം.എസ്.), കെ.പി.ഏലിയാസ് (കർഷക സംരക്ഷണ സമിതി), റോസ് ചന്ദ്രൻ, ജോൺസൺ പന്തലൂക്കാരൻ തുടങ്ങിയവർ സംസാരിച്ചു.