- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷ്യ സുരക്ഷയിലെ ഇന്ത്യൻ വീക്ഷണവും മാനദണ്ഡങ്ങളും; ഐസിഎആർ -സിഫ്റ്റ് കൊച്ചിയിൽ ദേശീയ സാങ്കേതിക ശില്പശാല സംഘടിപ്പിക്കുന്നു
കൊച്ചി 03 ജൂൺ 2023 : കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ സിഫ്റ്റ് ഭക്ഷ്യസുരക്ഷയെ സംബന്ധിച്ചുള്ള ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. കൊച്ചിയിലെ സിഫ്റ്റ് കാമ്പസിൽ ജൂൺ ഏഴിനും എട്ടിനുമാണ് ശില്പശാല നടക്കുന്നത്. ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ഇന്ത്യൻ കാഴ്ചപ്പാടും അതിലെ മാനദണ്ഡങ്ങളുമാണ് വിഷയം. സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്‌നോളജിസ്റ്റ്‌സ് ഇന്ത്യ (SOFTI), ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (FSSAI), അസോസിയേഷൻ ഓഫ് ഒഫീഷ്യൽ അനലറ്റിക്കൽ കെമിസ്റ്റ്‌സ് ഇന്റർനാഷണലിന്റെ (AOAC) ഇന്ത്യൻ വിഭാഗം എന്നിവയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂൺ ഏഴിന് രാവിലെ 9.30 യ്ക്ക് നടക്കുന്ന ചടങ്ങിൽ സീഫുഡ് എക്‌സ്‌പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് ശ്രീ ജഗദിഷ് ഫോഫാൻഡി ശില്പശാല ഉദ്ഘാടനം ചെയ്യും.
ഭക്ഷണപദാർത്ഥങ്ങൾ കേടുവരാതെ സൂക്ഷിക്കുന്ന പ്രിസർവേഷൻ രീതികൾ, കൂടുതൽ പോഷകങ്ങൾ ഉൾപ്പെടുത്തുന്ന ഫോർട്ടിഫിക്കേഷൻ, ഗുണനിലവാരം മെച്ചപ്പെടുത്തുന്ന വാല്യൂ അഡീഷൻ എന്നീ വിഷയങ്ങളോടൊപ്പം പുതുതായി രംഗത്ത് വരുന്ന ഭക്ഷണപദാർത്ഥങ്ങൾ, ന്യുട്രാസ്യൂട്ടിക്കൽസ് എന്നിവയും ചർച്ചയാകും. പ്രധാനമായും ഭക്ഷ്യസുരക്ഷയിൽ വരുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിലായിരിക്കും കൂടുതൽ ഊന്നൽ നൽകുക.
ഭക്ഷ്യസുരക്ഷാ രംഗത്തെ പ്രമുഖർ നയിക്കുന്ന പ്ലീനറി സെഷനും സ്പോൺസർമാർ നയിക്കുന്ന ടെക്‌നിക്കൽ സെഷനും പ്രധാന ആകർഷണങ്ങളായിരിക്കും. ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള നാനൂറോളം ശാസ്ത്രജ്ഞർ, വിഷയവിദഗ്ദ്ധർ, നയനിർമ്മാതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ഈ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. ഒരേസമയം ഓൺലൈനായും ഓഫ്ലൈനായും നടക്കുന്ന ഹൈബ്രിഡ് രീതിയിലായിരിക്കും ശില്പശാല പുരോഗമിക്കുക. ഈ പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള പ്രബന്ധാവതരണവും പോസ്റ്റർ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.
കാർഷിക, ഭക്ഷ്യ വ്യാപാരത്തിൽ കാലോചിതമായ മാറ്റങ്ങൾ നിർദ്ദേശിക്കാനും അവതരിപ്പിക്കാനും ശില്പശാലയ്ക്ക് കഴിയുമെന്ന് ഐസിഎആർ- സിഫ്റ്റ്‌ന്റെ ഡയറക്ടർ ഡോ. ജോർജ് നൈനാൻ അഭിപ്രായപ്പെട്ടു. ലോകമെമ്പാടും ഫുഡ് പ്രോസസിങ്ങിന്റെയും അതിൽ പോഷകങ്ങൾ ഉൾപ്പെടുത്തി ഗുണനിലവാരം കൂട്ടേണ്ടതിന്റെയും ആവശ്യം ഉയർന്നുവരികയാണ് ഇതിന്റെ പശ്ചാത്തലത്തിലായിരിക്കും ശില്പശാല നയിക്കപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.